‘വീട്ടിലിരുന്ന് ജോലി ചെയ്യാം, തൊഴിൽ പരിചയം ആവശ്യമില്ല’; വാഗ്ദാനം ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും, യുഎഇയിൽ കാത്തിരിക്കുന്നത് ചതി
യുഎഇയിൽ ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് എത്തുന്ന റിക്രൂട്ടിങ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.‘വീട്ടിലിരുന്ന് ജോലി ചെയ്യാം, തൊഴിൽ പരിചയം ആവശ്യമില്ല, ഇഷ്ടമുള്ള സമയങ്ങളിൽ ജോലി ചെയ്താൽ മതി, അഭിമുഖം ഇല്ല, നേരിട്ടുള്ള നിയമനം’ തുടങ്ങിയ വാഗ്ദാനങ്ങളിൽ വീണവർ ഏറെയാണ്. അതിനാൽ ജോലി വാഗ്ദാനം ലഭിക്കുമ്പോൾ നൂറുവട്ടം ചിന്തിച്ചും പരിശോധിച്ചും വിദഗ്ധോപദേശം തേടിയും ഉറപ്പുവരുത്തിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കാവൂ.
ചതിയിൽ വീഴുന്നവർ ഏറെയും ഓൺലൈനിൽ തൊഴിൽ തേടുന്നവരാണ്. തട്ടിപ്പ് സംഘം അപേക്ഷാ നടപടിക്രമങ്ങൾക്കും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും വീസ നടപടികൾക്കും മുൻകൂർ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടാണ് പണം കൈക്കലാക്കുന്നത്.
യുഎഇയിൽ ജോലി ലഭിക്കുന്നവർക്ക് ഓഫർ ലെറ്ററിനൊപ്പം ഇരുകക്ഷികളും ഒപ്പിട്ട തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന. തൊഴിൽ വീസ അപേക്ഷയോടൊപ്പം ഇവ രണ്ടും ഹാജരാക്കണം. റിക്രൂട്ടിങ്ങിനോ വീസയ്ക്കോ ഉദ്യോഗാർഥികളിൽനിന്ന് പണം ഈടാക്കാൻ പാടില്ലെന്നും തൊഴിൽ നിയമത്തിലുണ്ട്. എല്ലാ റിക്രൂട്മെന്റ് ചെലവുകളും സ്ഥാപന ഉടമയാണ് വഹിക്കേണ്ടത്. സന്ദർശക വീസയിൽ ജോലി ചെയ്യുന്നതും നിയമവിരുദ്ധമാണ്.
ജോലിവാഗ്ദാനം ചെയ്തുള്ള ഓഫർ ലെറ്റർ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ആപ്പ് വഴി സ്ഥിരീകരിക്കുകയോ അതതു രാജ്യത്തെ യുഎഇ എംബസി വഴി പരിശോധിച്ച് ഉറപ്പുവരുത്തുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ജോലിക്ക് തൊഴിൽ വീസ മാത്രമേ സ്വീകരിക്കാവൂ. റിക്രൂട്ടിങ് ഫീസ് ആവശ്യപ്പെട്ടാൽ ജോലി സ്വീകരിക്കരുത്. ജോലി വാഗ്ദാനം ചെയ്ത കമ്പനി യുഎഇയിൽ റജിസ്റ്റർ ചെയ്തതാണോ എന്ന് ദേശീയ സാമ്പത്തിക റജിസ്റ്റർ ഉപയോഗിച്ച് പരിശോധിക്കണം.
ദുബായിൽ നൽകിയ വീസകളുടെ സാധുത ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെയും (ജിഡിആർഎഫ്എ) അബുദാബി ഉൾപ്പെടെ മറ്റു എമിറേറ്റുകളിൽ നിന്നുള്ള വീസകൾ ഐസിപി വെബ്സൈറ്റിലൂടെയും പരിശോധിച്ച് ഉറപ്പാക്കാം.
സംശയനിവാരണത്തിന് ഫോൺ +9716 8027666
ask@mohre.gov.ae
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)