റഡാർ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം, വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം; പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും പടരുന്നു…

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ആളിപ്പടരുന്നു. ബഹ്റൈനിലെ രണ്ട് യുഎസ് റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടതോടെ മേഖലയിൽ ആശങ്ക ശക്തമായി. ആക്രമണത്തിന് പിന്നാലെ ബഹ്റൈനിലെ ഒരു വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായെങ്കിലും അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. അതിനിടെ, തങ്ങളുടെ സൈനിക ശേഷി വ്യക്തമാക്കുന്ന ഭൂഗർഭ മിസൈൽ നഗരത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇരട്ട ലോഞ്ചറുകൾ ഉൾപ്പെടെ വൻതോതിലുള്ള മിസൈൽ ശേഖരമാണ് വീഡിയോയിലുള്ളത്. ഏത് തരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സജ്ജമാണെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.

ഹോർമുസ് കടലിടുക്കിലും സുരക്ഷാ സാഹചര്യം വഷളായി. കടലിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കളിൽ തട്ടി ഒരു എണ്ണ ടാങ്കറിന് തീപിടിച്ചതായും മറ്റ് രണ്ട് ടാങ്കറുകൾ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഒമാനിലെ ഖസബ് തീരത്തുനിന്ന് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ഒരു ആക്രമണം. മറ്റൊരു സംഭവത്തിൽ ടാങ്കറിന്റെ എൻജിൻ റൂമിലും തീ പടർന്നു. അതേസമയം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ തുടരുകയാണ്. ഖത്തർ പ്രതിനിധികൾ ഇറാൻ അധികൃതരുമായി ചർച്ച നടത്തിയതായി അറിയിച്ചു. ചർച്ചകളിൽ അമേരിക്ക ആത്മാർഥമായ സമീപനം സ്വീകരിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ആണവവിഷയത്തിലടക്കം പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പ്രകടിപ്പിച്ചു. എന്നാൽ, സമാധാന കരാറിനായി ഇറാൻ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

ഇതിനിടെ യെമനിലും സംഘർഷം രൂക്ഷമായി. സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടതായി ഹൂതി വിമതർ ആരോപിച്ചു. ഹൂതികളുടെ നൂറുകണക്കിന് സൈനിക കേന്ദ്രങ്ങൾ തകർത്തതായി സൗദി അറേബ്യയും അറിയിച്ചു. ഇതിന് തിരിച്ചടിയായി റിയാദ് ലക്ഷ്യമിട്ട് ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും മൂന്നും ആകാശത്തുവെച്ച് തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy