
കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന നടപടി കൂടുതൽ ശക്തമാകുന്നു. ഇതുവരെ പരിശോധിച്ചത് 1.15 ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകൾ. ആകെ 1,36,928 സർട്ടിഫിക്കറ്റുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിൽ 1,15,775 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. 15,985 സർട്ടിഫിക്കറ്റുകൾ ഇപ്പോഴും വിശദമായ പരിശോധനയിലാണ്. ശേഷിക്കുന്ന 5,168 സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്തിട്ടില്ല.
ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾ യഥാർഥമാണെന്ന് ഉറപ്പാക്കുക, സർട്ടിഫിക്കറ്റുകൾക്ക് ആവശ്യമായ ഔദ്യോഗിക അംഗീകാരമുണ്ടോയെന്ന് പരിശോധിക്കുക, പഠിച്ച വിഷയവും നിലവിൽ വഹിക്കുന്ന തസ്തികയും തമ്മിൽ പൊരുത്തമുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം. സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക തൊഴിൽരേഖകളിലെ കൃത്യത ഉറപ്പാക്കുന്നതിനായി സിവിൽ സർവീസ് ബ്യൂറോയ്ക്ക് സമർപ്പിക്കാനുള്ള അന്തിമ റിപ്പോർട്ടും മന്ത്രാലയം തയ്യാറാക്കിവരികയാണ്.
പരിശോധന തുടരുന്ന 15,985 സർട്ടിഫിക്കറ്റുകളെ നാല് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.
- തുല്യത ലഭിക്കാത്ത സർട്ടിഫിക്കറ്റുകൾ – 7,592: ആവശ്യമായ തുല്യതാ സർട്ടിഫിക്കറ്റ് നേടിയിട്ടില്ലാത്തവയാണിവ. ഉടമകൾ എത്രയും വേഗം അംഗീകാര നടപടികൾ പൂർത്തിയാക്കണം.
- തെറ്റായി അംഗീകരിച്ചവ – 1,242: സിവിൽ സർവീസ് ബ്യൂറോയിൽനിന്ന് തെറ്റായ രീതിയിൽ അംഗീകാരം ലഭിച്ചതായി കണ്ടെത്തിയ സർട്ടിഫിക്കറ്റുകൾ.
- പരിശോധന ആവശ്യമില്ലാത്തവ – 4,674: അധിക ജീവനക്കാരെ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചവരുടെ സർട്ടിഫിക്കറ്റുകളാണിവ. അതിനാൽ ഇവയ്ക്ക് തുടർപരിശോധന നടത്തില്ല.
- കൂടുതൽ പരിശോധന വേണ്ടവ – 2,477: സംശയങ്ങളും അപാകതകളും കണ്ടെത്തിയതിനാൽ കൂടുതൽ സ്ഥിരീകരണം ആവശ്യമായ സർട്ടിഫിക്കറ്റുകളാണിവ. ബന്ധപ്പെട്ട വിവരങ്ങൾ സിവിൽ സർവീസ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ എംപ്ലോയ്മെന്റ് അഫയേഴ്സ് വിഭാഗവും അണ്ടർസെക്രട്ടറി രൂപീകരിച്ച പ്രത്യേക സമിതിയും ചേർന്നാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. കണ്ടെത്തുന്ന അപാകതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സമിതി തീരുമാനിക്കും. കൂടുതൽ നടപടികൾ ആവശ്യമായ കേസുകൾ സിവിൽ സർവീസ് ബ്യൂറോയ്ക്ക് കൈമാറുകയും ജീവനക്കാരുടെ ഔദ്യോഗിക രേഖകളിൽ ശരിയായ വിദ്യാഭ്യാസ യോഗ്യതകൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.