15 മിനിറ്റ് യാത്ര ഇനി 3 മിനിറ്റിൽ! ദുബായ്–ഷാർജ യാത്രക്കാർക്ക് വമ്പൻ ആശ്വാസം; എട്ട് പുതിയ പാലങ്ങൾ വരുന്നു!

ദുബായ്–ഷാർജ യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന ഗതാഗത വികസന പദ്ധതിയുമായി യുഎഇ. ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിലെ അൽ നഹ്ദ ഇന്റർസെക്ഷനിൽ വൻ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള ടെൻഡർ യുഎഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം പുറത്തിറക്കി. റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം യാത്രാസമയം ഗണ്യമായി ലാഭിക്കാനും വാഹനങ്ങളുടെ സഞ്ചാരശേഷി വർധിപ്പിക്കാനുമാണ് ലക്ഷ്യം.
നാല് കിലോമീറ്റർ ദൂരത്തിൽ എട്ട് പുതിയ പാലങ്ങൾ നിർമിക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം. ഇതിനു പുറമെ 4.5 കിലോമീറ്റർ നീളത്തിൽ സർവീസ് റോഡുകളും ഒരുക്കും. നിർമാണം പൂർത്തിയാകുന്നതോടെ നിലവിൽ 15 മിനിറ്റ് വേണ്ടിവരുന്ന യാത്ര വെറും മൂന്ന് മിനിറ്റായി ചുരുങ്ങുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. അൽ ഇത്തിഹാദ് റോഡിന്റെ പ്രതിദിന വാഹനശേഷി ഒരു ലക്ഷത്തിൽനിന്ന് 1.90 ലക്ഷമായി ഉയരും. ഇതോടെ ഏകദേശം 90 ശതമാനം വർധനയുണ്ടാകും. അൽ നഹ്ദ ഇന്റർസെക്ഷനിലൂടെ കടന്നുപോകാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണവും പ്രതിദിനം 1.88 ലക്ഷത്തിൽനിന്ന് 3.10 ലക്ഷമായി ഉയരും. ഏകദേശം 65 ശതമാനമാണ് വർധന.

ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് അൽ ഇത്തിഹാദ് റോഡ്. ദിവസേന നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ പാതയിലെ ഗതാഗത സമ്മർദം കുറയ്ക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ പദ്ധതിക്കായി പരിചയസമ്പന്നരായ കരാറുകാരിൽനിന്ന് മന്ത്രാലയം താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നവംബർ 19നാണ് ഔദ്യോഗിക ടെൻഡർ പ്രസിദ്ധീകരിച്ചത്. കാറ്റഗറി ഫസ്റ്റ് എ വിഭാഗത്തിൽപ്പെടുന്ന യോഗ്യരായ കരാറുകാർക്ക് 2027 ജനുവരി 5 വരെ ബിഡ്ഡുകൾ സമർപ്പിക്കാം. തിരക്കേറിയ നഗരമേഖലകളിൽ വൻകിട ഹൈവേ പദ്ധതികൾ നടപ്പാക്കിയ പരിചയമുള്ള കമ്പനികൾക്കാണ് മുൻഗണന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy