
ദുബായിലെ നിർമാണ മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. ഇനി സ്റ്റീൽ, അലുമിനിയം, സിമന്റ് തുടങ്ങിയ നിർമാണ സാമഗ്രികൾക്കും പ്രത്യേക ഡിജിറ്റൽ പാസ്പോർട്ട് ഏർപ്പെടുത്തും. 2027ന്റെ തുടക്കത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ‘ബിൽഡിങ് മെറ്റീരിയൽസ് പാസ്പോർട്ട്’ സംവിധാനം നിർമാണ മേഖലയിലെ സുതാര്യതയും പുനരുപയോഗവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് ഫ്യൂച്ചർ വീക്ക് 2026ന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ സ്റ്റീൽ, അലുമിനിയം, സിമന്റ് എന്നീ മൂന്ന് പ്രധാന നിർമാണ സാമഗ്രികൾക്കായിരിക്കും ഇത് ബാധകമാകുക. നിർമാതാക്കളും വിതരണക്കാരും പുതിയ സംവിധാനം നിർബന്ധമായും പാലിക്കേണ്ടിവരും.
എന്താണ് മെറ്റീരിയൽസ് പാസ്പോർട്ട്?
ഓരോ നിർമാണ സാമഗ്രിയുടെയും ഉത്ഭവം, നിർമാണ കമ്പനി, ഗുണനിലവാരം, സാങ്കേതിക സവിശേഷതകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ രേഖയാണിത്. ഓരോ സാമഗ്രിക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. ആവശ്യമായ സാങ്കേതിക വിവരങ്ങൾ സമർപ്പിച്ചശേഷം പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും മുനിസിപ്പാലിറ്റി പാസ്പോർട്ട് അനുവദിക്കുക. മാനദണ്ഡങ്ങൾ പാലിക്കാത്ത സാമഗ്രികൾക്ക് അംഗീകാരം ലഭിക്കില്ല.
കെട്ടിടം പൊളിച്ചാലും സാമഗ്രികൾക്ക് പുതിയ ജീവിതം!
പദ്ധതിയുടെ പ്രധാന പ്രത്യേകത പഴയ കെട്ടിടങ്ങളിൽനിന്ന് ലഭിക്കുന്ന നിർമാണ സാമഗ്രികൾ വീണ്ടും ഉപയോഗിക്കാനുള്ള അവസരമാണ്. കെട്ടിടം പൊളിച്ചുമാറ്റിയശേഷം ലഭിക്കുന്ന സ്റ്റീൽ ഉൾപ്പെടെയുള്ള വസ്തുക്കൾ ലബോറട്ടറികളിൽ പരിശോധിച്ച് ഗുണനിലവാരവും ശേഷിക്കുന്ന കരുത്തും വിലയിരുത്തും. ഉപയോഗത്തിന് അനുയോജ്യമാണെങ്കിൽ ആവശ്യമായ സംസ്കരണത്തിലൂടെ പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് വീണ്ടും പ്രയോജനപ്പെടുത്താം. ഇതോടെ കെട്ടിടം പൊളിക്കുമ്പോൾ ഉപയോഗപ്രദമായ സാമഗ്രികൾ മാലിന്യമായി ഉപേക്ഷിക്കുന്ന രീതി കുറയ്ക്കാനാകും. പൊളിച്ചുമാറ്റിയ കെട്ടിടത്തിലെ സാമഗ്രികൾ എവിടേക്ക് മാറ്റി, ഏതൊക്കെ പുനരുപയോഗിച്ചു തുടങ്ങിയ വിവരങ്ങളും അധികൃതർക്ക് നിരീക്ഷിക്കാനാകും. പുനരുപയോഗിക്കാവുന്ന സാമഗ്രികൾ റീസൈക്കിൾ ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്.
നിർമാണച്ചെലവും മലിനീകരണവും കുറയ്ക്കും
പുതിയ അസംസ്കൃത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, വിദേശത്തുനിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുക, നിർമാണ മേഖലയിലെ മാലിന്യവും കാർബൺ പുറന്തള്ളലും കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങൾ. ആദ്യഘട്ടത്തിൽ മൂന്ന് സാമഗ്രികളിൽ ഒതുങ്ങുന്ന സംവിധാനം ഭാവിയിൽ കൂടുതൽ നിർമാണ സാമഗ്രികളിലേക്ക് വ്യാപിപ്പിക്കാനും ദുബായ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു.