ഒരു ‘പിഴവിൽ’ തകർന്ന 36 വർഷത്തെ പ്രവാസജീവിതം; 15 വർഷത്തിന് ശേഷം നൊമ്പരമായി മടക്കം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും

Malayali expat death; ഒന്നര പതിറ്റാണ്ടിലേറെക്കാലം പ്രവാസലോകത്ത് നിയമക്കുരുക്കുകളും ഭയവും പേറി ഒറ്റപ്പെട്ട് ജീവിച്ച മലയാളിക്ക് ഒടുവിൽ ചേതനയറ്റ ശരീരവുമായി നാട്ടിലേക്ക് മടക്കം. സൗദി അറേബ്യയിലെ ദവാദ്മിയിൽ മരിച്ച തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ടുകോണം പുണർതത്തിൽ അജയകുമാറിന്റെ (56) മൃതദേഹമാണ് നാളെ നാട്ടിലെത്തിക്കുന്നത്. ദവാദ്മിയിലെ നടപടികൾ പൂർത്തിയാക്കി അൽഖസ്സീം വിമാനത്താവളത്തിൽനിന്ന് ഗൾഫ് എയർ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമായിരുന്നു അജയകുമാറിന്റെ മരണം. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ സ്വദേശി പൗരൻ അറിയിച്ചതനുസരിച്ച് പൊലീസും ആംബുലൻസ് അധികൃതരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. താമസരേഖകളുമായി ബന്ധപ്പെട്ട സങ്കീർണതകളും മറ്റ് നിയമനടപടികളും പൂർത്തിയാക്കാൻ ഒരു മാസത്തോളം സമയമെടുത്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൃതദേഹം സൗദിയിൽത്തന്നെ സംസ്കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസി ഇടപെടുകയും അൽഖസ്സീം വഴി നാട്ടിലെത്തിക്കുന്നതിനുള്ള രേഖകളും വിമാനടിക്കറ്റും അനുവദിക്കുകയുമായിരുന്നു.

സൗദിയിൽ 36 വർഷത്തോളമായി പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു അജയകുമാർ. എന്നാൽ കഴിഞ്ഞ 15 വർഷമായി ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. പ്രവാസികൾക്ക് ഗൗരവമായ മുന്നറിയിപ്പ് നൽകുന്നതാണ് അജയകുമാറിന്റെ ജീവിതാനുഭവം. വർഷങ്ങൾക്ക് മുൻപ് സമൂഹമാധ്യമത്തിലൂടെ മതനിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് അജയകുമാർ സൗദിയിൽ അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണ നടപടികൾ തുടരുന്നതിനിടെ ഒരു സ്വദേശി പൗരന്റെ ജാമ്യത്തിലാണ് ഇദ്ദേഹം പുറത്തിറങ്ങിയത്. തുടർന്ന് ഈ സ്വദേശി പൗരൻ തന്റെ താമസസ്ഥലത്ത് അജയകുമാറിന് താമസസൗകര്യവും നൽകി. എന്നാൽ പിന്നീട് സ്പോൺസറുമായി ബന്ധപ്പെടുന്നതിനോ ഇഖാമ പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനോ അജയകുമാർ തയ്യാറായില്ല. ജാമ്യത്തിലിറക്കിയ സ്വദേശി പൗരനൊപ്പം താമസിച്ച്, ദൈനംദിന ജീവിതച്ചെലവുകൾക്കായി ലഭിക്കുന്ന ജോലികൾ ചെയ്താണ് തുടർന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. പൊലീസ് കേസുമായി ബന്ധപ്പെട്ട ഭയവും ആശങ്കയും കാരണം പൊതുസമൂഹത്തിൽനിന്ന് പൂർണമായും അകന്നായിരുന്നു ജീവിതം. നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാനോ താമസരേഖകൾ ക്രമപ്പെടുത്താനോ ആവശ്യമായ ഇടപെടലുകൾ നടത്താതെ വർഷങ്ങളോളം ഇത്തരത്തിൽ കഴിഞ്ഞത് അജയകുമാറിന്റെ പ്രവാസജീവിതം പരിമിതപ്പെടുത്തുകയും നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തു. അജയകുമാറിന്റെ മരണവിവരം ദവാദ്മി പൊലീസ് കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തെ അറിയിച്ചതോടെയാണ് മൃതദേഹം തിരിച്ചറിയുന്നതിനും തുടർനടപടികൾക്കുമായി പ്രവർത്തകർ ഇടപെട്ടത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള നടപടികൾക്ക് കേളി നേതൃത്വം നൽകി. പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകനാണ് അജയകുമാർ. സുഗന്ധി, അനിത, ജീന എന്നിവർ സഹോദരിമാരും ദവാദ്മിയിൽ മുൻ പ്രവാസിയായിരുന്ന ഷാജി സഹോദരനുമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy