
കുവൈത്തിലേക്ക് പ്രവേശിക്കുമ്പോഴും രാജ്യത്തുനിന്ന് പുറത്തേക്ക് പോകുമ്പോഴും കൈവശമുള്ള പണത്തിന്റെ കാര്യത്തിൽ യാത്രക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി കുവൈത്ത് കസ്റ്റംസ്. 3,000 കുവൈത്ത് ദിനാർ അല്ലെങ്കിൽ അതിൽ കൂടുതലുള്ള തുകയോ അതിന് തുല്യമായ വിദേശ കറൻസിയോ കൈവശമുണ്ടെങ്കിൽ കസ്റ്റംസിൽ നിർബന്ധമായും വിവരം അറിയിക്കണം. പണം മാത്രമല്ല, ട്രാവലേഴ്സ് ചെക്കുകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ബെയറർ പേയ്മെന്റ് ഓർഡറുകൾ തുടങ്ങിയ കൈമാറ്റം ചെയ്യാവുന്ന സാമ്പത്തിക രേഖകൾക്കും ഈ വെളിപ്പെടുത്തൽ നിയമം ബാധകമാണ്.
നിയമപ്രകാരമുള്ള വെളിപ്പെടുത്തൽ നടത്താതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ, വെളിപ്പെടുത്തേണ്ട വിവരങ്ങൾ മനഃപൂർവമോ ഗുരുതരമായ അശ്രദ്ധ മൂലമോ മറച്ചുവെക്കുകയോ ചെയ്താൽ കർശന നടപടി നേരിടേണ്ടിവരും. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം. പിടിച്ചെടുക്കുന്ന തുകയുടെ 50 ശതമാനത്തിൽ കുറയാത്തതും മുഴുവൻ തുകയ്ക്ക് തുല്യമാകാത്തതുമായിരിക്കും പിഴ.
കൈവശമുള്ള പണത്തിന്റെ ഉറവിടവും അത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നതും സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് യാത്രക്കാരനോട് ആവശ്യപ്പെടാം. പണം കുറ്റകൃത്യങ്ങളുമായോ കള്ളപ്പണം വെളുപ്പിക്കലുമായോ ഭീകരവാദ ധനസഹായവുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കാൻ മതിയായ തെളിവുകളുണ്ടെങ്കിൽ തുകയോ അതിന്റെ ഒരു ഭാഗമോ പിടിച്ചെടുക്കാനും അധികൃതർക്ക് അധികാരമുണ്ട്.