Kuwait Iraq missing persons; 1990-ലെ ഇറാഖ് അധിനിവേശത്തിനിടെ കാണാതായ 315 പേരെക്കുറിച്ച് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും വിവരമില്ലെന്ന് കുവൈത്ത്. പതിറ്റാണ്ടുകളായി ഉറ്റവരുടെ വിവരങ്ങൾക്കായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഉത്തരം നൽകേണ്ടത് അടിയന്തര മാനുഷിക ബാധ്യതയാണെന്നും, വെറും വാഗ്ദാനങ്ങൾക്കപ്പുറം വിഷയത്തിൽ ഇറാഖിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളും ഫലങ്ങളുമാണ് ആവശ്യമെന്നും കുവൈത്ത് വ്യക്തമാക്കി. യുഎൻ രക്ഷാസമിതി യോഗത്തിൽ സംസാരിക്കവെ, യുദ്ധത്തടവുകാരുടെയും കാണാതായവരുടെയും കാര്യങ്ങൾക്കായുള്ള കുവൈത്ത് വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി റബീഅ അൽ അദ്സാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാണാതായവരുടെ പട്ടികയിലുള്ള 315 പേരിൽ 308 പേരും കുവൈത്ത് പൗരന്മാരാണ്. ഒക്ടോബർ ഒന്നിന് പുറത്തുവിട്ട യുഎൻ റിപ്പോർട്ട് പ്രകാരം ഈ വിഷയത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധിനിവേശം കഴിഞ്ഞ് 35 വർഷത്തിലേറെയായിട്ടും മുൻ ഇറാഖ് ഭരണകൂടത്തിന്റെ ഭാഗമായിരുന്നതും നിലവിൽ തടവിലുള്ളതുമായ ഒമ്പത് ഉദ്യോഗസ്ഥരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇതിന് അനുമതി നൽകാമെന്ന് ഇറാഖ് മുൻപ് ഉറപ്പുനൽകിയതാണെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കൂടാതെ, അധിനിവേശ കാലത്ത് കുവൈത്തിൽ ഇറാഖി ഡയറക്ടറായി പ്രവർത്തിച്ചിരുന്ന മുൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതോടെ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള അവസരവും നഷ്ടമായി. കുവൈത്തിൽ നിന്ന് കാണാതായ 150 മുതൽ 180 വരെയുള്ളവരുടെ ഭൗതികാവശിഷ്ടങ്ങൾ ഇറാഖിലെ ഖുമൈസിയയിൽ ഉണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന് ആധാരമായ സാക്ഷിമൊഴികളും സ്ഥലവിവരങ്ങളും ഇറാഖി സാക്ഷികൾ നൽകിയിരുന്നെങ്കിലും, സൈറ്റ് പരിശോധനകളും സാക്ഷികളെ ചോദ്യം ചെയ്യലും ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഈ കാലതാമസം ഒഴിവാക്കി സംയുക്ത പരിശോധനകൾ എത്രയും വേഗം വേഗത്തിലാക്കണം. അധിനിവേശ കാലത്ത് കടത്തിക്കൊണ്ടുപോയ കുവൈത്തിന്റെ ദേശീയ രേഖകൾ (National Archives) ഉൾപ്പെടെയുള്ള സ്വത്തുക്കൾ തിരികെ നൽകാൻ ഇറാഖ് വ്യക്തമായ സമയക്രമം നിശ്ചയിക്കണം. അമേരിക്ക ഇറാഖിന് തിരിച്ചുനൽകിയ ഡിജിറ്റൽ ആർക്കൈവുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് കാണാതായ നിർണായക രേഖകളും വസ്തുക്കളും കണ്ടെത്താൻ സഹായിക്കും. ഇവ തിരികെ എത്തിക്കുന്നതിനുള്ള പ്രധാന ഉത്തരവാദിത്തം ഇറാഖിനാണെന്നും റബീഅ അൽ അദ്സാനി വ്യക്തമാക്കി.
Home
Latest News
35 വർഷത്തെ കാത്തിരിപ്പ്; അധിനിവേശത്തിൽ കാണാതായ 315 പേർ എവിടെ? ഇറാഖിനോട് കർശന നടപടി ആവശ്യപ്പെട്ട് ഈ രാജ്യം
Related Posts
