യുഎഇയിൽ ഹെവി വാഹനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ; ഡ്രൈവർ എത്ര മണിക്കൂർ വണ്ടിയോടിച്ചു എന്നതുപോലും അറിയാം

ഫുജൈറയിലും റാസൽഖൈമയിലും ഹെവി വാഹനങ്ങൾ ഉൾപ്പെട്ടുണ്ടായ രണ്ട് വൻ അപകടങ്ങൾക്ക് പിന്നാലെ റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കാൻ യുഎഇയിലെ വാണിജ്യ വാഹന കമ്പനികൾ. ഡ്രൈവർമാരുടെ ജോലി സമയം നിരീക്ഷിക്കുന്നതിനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ കർശനമായ പരിശോധനകളും സാങ്കേതിക സംവിധാനങ്ങളും നടപ്പാക്കാനാണ് കമ്പനികളുടെ നീക്കം. ഡ്രൈവർമാരുടെ ക്ഷീണം, അമിതവേഗം, പെട്ടെന്നുള്ള ബ്രേക്കിങ് തുടങ്ങിയ അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിങ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വാഹനങ്ങളുടെ പതിവ് പരിശോധനയും ഡ്രൈവർമാർക്ക് തുടർച്ചയായ പരിശീലനവും ഉറപ്പാക്കും.

400 വാണിജ്യ വാഹനങ്ങളുള്ള യുഎഇയിലെ പ്രമുഖ നിർമാണ കമ്പനിയായ ഹോട്ട്പാക്കും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. വേഗപരിധി പാലിക്കൽ, വാഹനങ്ങൾക്കിടയിൽ മതിയായ അകലം സൂക്ഷിക്കൽ, ലെയ്ൻ അച്ചടക്കം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കൽ എന്നിവ ഡ്രൈവർമാർക്ക് നിർബന്ധമാക്കിയതായി ഗ്രൂപ്പ് സിഒഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീൻ പി.ബി അറിയിച്ചു. ചരക്കുകൾ അമിതമായി കയറ്റാതിരിക്കാനും സുരക്ഷിതമായി കെട്ടിവയ്ക്കാനും വാഹനങ്ങൾ തിരിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്താനും നിർദേശമുണ്ട്. നിശ്ചിത റൂട്ടുകൾ, വാഹന നിയന്ത്രണങ്ങൾ, മോശം കാലാവസ്ഥയിലെ സുരക്ഷാ മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് പതിവായി പരിശീലനം നൽകുന്നുണ്ട്. കൃത്യമായ ജോലിസമയവും മതിയായ വിശ്രമവും ഉറപ്പാക്കി ക്ഷീണം മൂലമുള്ള അപകടങ്ങൾ തടയാനും നടപടികളുണ്ട്.

കമ്പനിയുടെ വാഹനങ്ങളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേക കാർഡ് ഉപയോഗിച്ചാണ് ഡ്രൈവർമാർക്ക് വാഹനം സ്റ്റാർട്ട് ചെയ്യാനാകുക. ഇതിലൂടെ ഓരോ ഡ്രൈവറും എത്രനേരം വാഹനമോടിച്ചുവെന്ന് കൃത്യമായി നിരീക്ഷിക്കാം. അനുവദിച്ച സമയപരിധി ലംഘിക്കുന്നവരെ കണ്ടെത്തിയാൽ ഉടൻ ഇടപെടുമെന്നും കമ്പനി വ്യക്തമാക്കി.
പ്രതിദിന വാഹന പരിശോധന, ജിപിഎസ് നിരീക്ഷണം, കൃത്യമായ ഇടവേളകളിലുള്ള മെഡിക്കൽ പരിശോധന, ആഴ്ചതോറുമുള്ള ടയർ പ്രഷർ, ബ്രേക്ക്, ലൈറ്റ് പരിശോധനകൾ എന്നിവയും നടപ്പിലാക്കുന്നുണ്ട്.

സുരക്ഷിതരായ ഡ്രൈവർമാർ, മികച്ച വാഹനങ്ങൾ, ഫലപ്രദമായ നിയമങ്ങളും അവയുടെ കർശനമായ നടപ്പാക്കലും — ഹെവി വാഹനങ്ങളുടെ സുരക്ഷയ്ക്ക് ഈ മൂന്ന് ഘടകങ്ങളും നിർണായകമാണെന്ന് റോഡ് സേഫ്റ്റി യുഎഇ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡൽമാൻ ചൂണ്ടിക്കാട്ടി. ഡ്രൈവിങ് സ്കൂളിൽ ചേരുന്നതിന് മുമ്പുതന്നെ ട്രക്ക് ഡ്രൈവർമാർക്ക് സൈക്കോമെട്രിക് പരിശോധനകൾ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. തുടർച്ചയായ പരിശീലനം, ആരോഗ്യ പരിശോധന, മതിയായ ഉറക്കം, പോഷകാഹാരം എന്നിവയ്ക്കൊപ്പം ഡ്രൈവർമാരുടെയും വാഹനങ്ങളുടെയും പ്രവർത്തനം നിരീക്ഷിക്കാൻ ടെലിമാറ്റിക്സ് സംവിധാനങ്ങളും ഉപയോഗിക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version