ദുബായ് ടാക്സി കമ്പനികൾക്ക് ഇനി 5-സ്റ്റാർ റേറ്റിംഗ്; മികച്ച സേവനത്തിന് അധിക പെർമിറ്റുകളുമായി ആർ.ടി.എ

Dubai taxi 5-star rating; ദുബായിലെ ടാക്സി കമ്പനികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) പുതിയ 5-സ്റ്റാർ റേറ്റിംഗ് സംവിധാനം ആരംഭിച്ചു. യാത്രക്കാരുടെ സംതൃപ്തി, റോഡ് സുരക്ഷ, വൃത്തി, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ അടിസ്ഥാനമാക്കിയാണ് റേറ്റിംഗ് നൽകുക. എമിറേറ്റിലെ ടാക്സി മേഖലയിൽ സേവന നിലവാരം ഉയർത്താനും കമ്പനികൾക്കിടയിൽ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് ഈ പദ്ധതി. അഞ്ച് സ്റ്റാർ നേടുന്ന കമ്പനികൾക്ക് ഏഴ് അധിക ടാക്സി നമ്പർ പ്ലേറ്റുകളും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. നാല് സ്റ്റാർ ലഭിക്കുന്നവർക്ക് അഞ്ച് അധിക പ്ലേറ്റുകളാണ് സമ്മാനം. മൂന്ന് സ്റ്റാറോ അതിൽ കുറവോ ലഭിക്കുന്നവരുടെ സേവനം മെച്ചപ്പെടുത്താൻ പ്രത്യേക നടപടികൾ സ്വീകരിക്കും.സുസ്ഥിരത, സാങ്കേതികവിദ്യ, ഉത്തരവാദിത്തം, വിശ്വാസ്യത എന്നീ നാല് തൂണുകളെയും 18 സൂചകങ്ങളെയും അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം. തിരക്കുള്ള സമയങ്ങളിലെ വാഹന ലഭ്യത, ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കൽ, ഇലക്ട്രോണിക് പേയ്‌മെന്റ്, വാഹനങ്ങളുടെ വൃത്തി, അശ്രദ്ധമായ ഡ്രൈവിംഗിനെതിരെയുള്ള പരാതികൾ, അപകടങ്ങൾ, ഡ്രൈവർമാരുടെ ജോലി സമയം, ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം എന്നിവ ഇതിൽ പരിശോധിക്കും. ടാക്സികൾക്കുള്ളിലെ സ്മാർട്ട് സ്ക്രീനുകളിലും കമ്പനി ആസ്ഥാനങ്ങളിലും റേറ്റിംഗ് പ്രദർശിപ്പിക്കും. സേവന നിലവാരം അളക്കുന്നതിനപ്പുറം നിരന്തരമായ പുരോഗതിയും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. ആഗോള മാറ്റങ്ങൾക്കനുസരിച്ച് ഈ സംവിധാനം കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യും.

നിലവിൽ ദുബായ് ടാക്സി, കാബി, നാഷണൽ, അറേബ്യ, മെട്രോ എന്നീ അഞ്ച് കമ്പനികളാണ് എമിറേറ്റിൽ സർവീസ് നടത്തുന്നത്. 2025-ൽ 14,346-ലധികം ടാക്സികൾ വഴി 12 കോടിയിലധികം യാത്രകൾ പൂർത്തിയാക്കുകയും 20.9 കോടിയിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയും ചെയ്തു. ഇതിൽ 12,380 വാഹനങ്ങളും ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരുന്നു. പൊതുഗതാഗതം, ഷെയേർഡ് മൊബിലിറ്റി, ടാക്സി എന്നിവ ഉപയോഗിച്ചവരിൽ 27 ശതമാനവും ടാക്സികളെയാണ് ആശ്രയിച്ചത്. നിലവിൽ ടാക്സി-ലിമോസിൻ നിരയുടെ 72 ശതമാനത്തിലധികവും ഹരിത വാഹനങ്ങളാണ്. 2040-ഓടെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളാക്കാനും 2050-ഓടെ പൊതുഗതാഗതം പൂർണ്ണമായും മലിനീകരണ വിമുക്തമാക്കാനും ആർ.ടി.എ ലക്ഷ്യമിടുന്നു. ഇതിനുപുറമെ, ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണവും പ്രധാന കേന്ദ്രങ്ങളിൽ ഫാസ്റ്റ് ചാർജിംഗ് സൗകര്യങ്ങളും വിപുലീകരിക്കുന്നുണ്ട്. യാത്രക്കാരുടെ ദൈനംദിന അനുഭവങ്ങളായിരിക്കും ഈ പദ്ധതിയുടെ യഥാർത്ഥ വിജയം നിർണ്ണയിക്കുക. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version