ചെറിയ രോഗങ്ങൾ പോലും ഇനി ജീവനെടുത്തേക്കാം! സൂപ്പർബഗ്’ ഭീഷണി രൂക്ഷമാകുന്നു; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

Drug-resistant bacteria; മരുന്നുകളെപ്പോലും അതിജീവിക്കാൻ ശേഷിയുള്ള ‘സൂപ്പർബഗ്’ ബാക്ടീരിയകളുടെ വ്യാപനം യൂറോപ്പിൽ അതീവ ഗുരുതരമായ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി) മുന്നറിയിപ്പ് നൽകി. ഫലപ്രദമായ മരുന്നുകൾ ഇല്ലാതായാൽ, ആന്റിബയോട്ടിക്കുകൾ കണ്ടെത്തുന്നതിന് മുൻപുള്ള കാലഘട്ടത്തിലെന്നപോലെ നിസ്സാരമായ അണുബാധകൾ പോലും മരണകാരണമാകുന്ന സാഹചര്യം തിരികെവന്നേക്കാമെന്ന് ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് പുറമെ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ എന്നിവിടങ്ങളിലായി ആന്റിമൈക്രോബയൽ പ്രതിരോധം മൂലം പ്രതിവർഷം 35,000-ത്തിലധികം പേരാണ് മരിക്കുന്നത്. ഇൻഫ്ലുവൻസ, ക്ഷയം, എച്ച്.ഐ.വി എന്നിവ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് തുല്യമാണിത്. മരുന്നുകളെ ചെറുത്തുനിൽക്കാൻ പാകത്തിൽ ബാക്ടീരിയകൾ സ്വയം വരുത്തുന്ന മാറ്റങ്ങളാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നത്. രക്തത്തിലൂടെ പടരുന്ന ‘ഇക്കോളി’, ‘ക്ലെബ്‌സിയേല ന്യുമോണിയ’എന്നീ ബാക്ടീരിയകളാണ് യൂറോപ്പിൽ പ്രധാനമായും ഭീഷണി ഉയർത്തുന്നത്. 2019 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം, മരുന്നുകളെ പ്രതിരോധിക്കുന്ന ഇക്കോളി അണുബാധയിൽ 16.4 ശതമാനത്തിന്റെ വർധനവുണ്ടായി. എന്നാൽ ക്ലെബ്‌സിയേല ന്യുമോണിയയുടെ കാര്യത്തിൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാണ്; ഇതിന്റെ വ്യാപനം 72 ശതമാനം വർധിച്ച് ഒരു ലക്ഷം പേരിൽ 3.75 എന്ന നിലയിലെത്തിയിട്ടുണ്ട്.

യൂറോപ്പിൽ എല്ലായിടത്തും ഈ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ രാജ്യത്തും വ്യാപനത്തോത് വ്യത്യസ്തമാണ്. സൈപ്രസ്, റുമാനിയ, ഗ്രീസ്, ഹംഗറി, ക്രൊയേഷ്യ, ബൾഗേറിയ എന്നീ രാജ്യങ്ങളിലാണ് ബാക്ടീരിയ വ്യാപനം ഏറ്റവും ശക്തമായിട്ടുള്ളത്. ക്ലെബ്‌സിയേല ന്യുമോണിയ അണുബാധയിൽ സൈപ്രസിൽ 716 ശതമാനത്തിന്റെ വർധനവുണ്ടായപ്പോൾ, ഹംഗറിയിൽ ഇത് 1,622 ശതമാനമായാണ് കുതിച്ചുയർന്നത്. ഈ പ്രതിസന്ധി മറികടക്കാൻ ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളുടെ ഭാഗത്തുനിന്ന് കൂട്ടായ ഇടപെടലുകൾ അനിവാര്യമാണെന്ന് ഇസിഡിസി വ്യക്തമാക്കുന്നു. ആശുപത്രികളിൽ നിന്ന് രോഗാണുബാധ പടരുന്നത് കർശനമായി തടയുക, മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ ഭീഷണിയെ ചെറുക്കാനുള്ള പ്രധാന പോംവഴികൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version