അപകടത്തിന് മണിക്കൂറുകൾക്കുമുമ്പ് അധ്യാപകനെയും സഹപാഠികളെയും നമസ്കാരത്തിന് നയിച്ചു; മടക്കയാത്രയിൽ മരണം, 21കാരന്റെ ഓർമയിൽ വിതുമ്പി പ്രിയപ്പെട്ടവർ…

ഫുജൈറയിലുണ്ടായ ദാരുണ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 14 പേരിൽ 21കാരനായ റാഷിദ് മൂസ അബ്ദുല്ല അൽ ദർമാക്കിയുടെ വിയോഗവും കുടുംബത്തെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തുന്നു. ഷാർജ സർവകലാശാലയിൽ ജ്യോതിശാസ്ത്രത്തിലും ബഹിരാകാശ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം പഠിച്ചിരുന്ന മിടുക്കനായ വിദ്യാർഥിയായിരുന്നു റാഷിദ്. ഇളയ സഹോദരൻ ഉമറിനൊപ്പം ഷാർജയിൽ അത്താഴം കഴിച്ചശേഷം സഹോദരനെ സർവകലാശാലയിലെ താമസസ്ഥലത്ത് ഇറക്കിവിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റാഷിദ്. എന്നാൽ രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതോടെ കുടുംബം ആശങ്കയിലായി. സഹോദരൻ ഉമറിനെ പൊലീസ് ബന്ധപ്പെട്ടതോടെയാണ് റാഷിദ് അപകടത്തിൽപ്പെട്ടെന്ന വിവരം കുടുംബം അറിയുന്നത്.

ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ആദ്യഘട്ടത്തിൽ റാഷിദിനെ തിരിച്ചറിയാനായില്ല. തുടർന്ന് സഹോദരിയുടെയും മാതാവിന്റെയും ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചാണ് മരിച്ചത് റാഷിദാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും രാത്രി പ്രാർഥനകൾക്കുശേഷം സംസ്കരിക്കുകയും ചെയ്തു. അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സർവകലാശാലയിൽ അധ്യാപകനെയും സഹപാഠികളെയും നയിച്ച് മഗ്‌രിബ് നമസ്കാരം നിർവഹിച്ചത് റാഷിദായിരുന്നു. വിശുദ്ധ ഖുർആനിലെ ഭാഗങ്ങൾ മനഃപാഠമാക്കിയിരുന്ന റാഷിദിന്റെ മനോഹരമായ ഖുർആൻ പാരായണം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുവെന്നാണ് അധ്യാപകൻ ഡോ. മഷ്ഹൂർ അൽ വർദാത്തിന്റെ വേദനയോടെയുള്ള ഓർമ.

പഠനത്തിലും ജോലിയിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന റാഷിദ് യുഎഇയിലെ മികച്ച സ്കൂൾ വിദ്യാർഥികളിൽ ഒരാളായിരുന്നു. കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയശേഷം ജലശുദ്ധീകരണ സാങ്കേതികവിദ്യകളിലും പ്രവർത്തിച്ചു. മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവിന്റെ യങ് വാട്ടർ പയനീയേഴ്സ് പദ്ധതിയിലും അംഗമായിരുന്നു. ബഹിരാകാശ ശാസ്ത്രത്തിൽ കൂടുതൽ പഠനം നടത്തി ഗവേഷണരംഗത്ത് മുന്നേറുകയായിരുന്നു ലക്ഷ്യം. അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹവും മികച്ച പെരുമാറ്റവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും കൊണ്ട് അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവനായി മാറിയ റാഷിദിന്റെ അപ്രതീക്ഷിത വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version