യുഎഇയെ കണ്ണീരിലാഴ്ത്തി മഹാദുരന്തം; ഒരു ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; പിന്നാലെ കൂട്ടിയിടിയും തീപ്പിടിത്തവും… 14 മരണം, 30 പേർക്ക് പരിക്ക്

യുഎഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേർക്ക് ദാരുണാന്ത്യം. 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെട്ട കൂട്ടിയിടിയിൽ 30 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലാണ് (E89) നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മുന്നിലുണ്ടായിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ട് പതുക്കെ നീങ്ങുകയായിരുന്ന മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചുകയറി. പിന്നാലെ ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഇതോടെ അപകടം വൻ ദുരന്തമായി മാറി.
ഫുജൈറ, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ യുഎഇ സ്വദേശികൾക്കൊപ്പം ഇന്ത്യക്കാരടക്കമുള്ള വിദേശ പൗരന്മാരുമുണ്ട്. തീപിടിത്തത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചവരുടെ വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കുന്നത്.

പരിക്കേറ്റ 30 പേരിൽ 15 പേർ പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ശേഷിക്കുന്നവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. യുഎഇ സ്വദേശികൾക്ക് പുറമെ ഒമാൻ, ഇന്ത്യ, ബ്രസീൽ, പാക്കിസ്ഥാൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പരിക്കേറ്റവരിലുണ്ട്. ദുരന്തത്തിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ആഭ്യന്തര മന്ത്രാലയവും അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. അതേസമയം, അപകടത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version