യുഎഇയിൽ ഈ വർഷത്തെ അവസാനത്തെ പൊതു അവധി; 1 ദിവസം ലീവ് എടുത്താൽ 5 ദിവസം അടിച്ചുപൊളിക്കാം

ഈ വർഷത്തെ അവസാന പൊതുഅവധിക്കായി യുഎഇ നിവാസികൾക്ക് ഇനി അധികം കാത്തിരിക്കേണ്ട. രാജ്യത്തിന്റെ 55-ാമത് ദേശീയ ദിനമായ ‘ഈദ് അൽ ഇത്തിഹാദ്’ ഡിസംബർ 2, 3 തീയതികളിൽ ആഘോഷിക്കാനാണ് സാധ്യത. ഔദ്യോഗിക അവധി പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും സാധാരണയായി ഈ ദിവസങ്ങളിലാണ് ദേശീയ ദിന അവധി അനുവദിക്കാറുള്ളത്.

ഡിസംബർ 2, 3 ബുധൻ, വ്യാഴം ദിവസങ്ങളിലാണ് വരുന്നത്. ഇതിന് പിന്നാലെയുള്ള ഡിസംബർ 4 വെള്ളിയാഴ്ച ഒരു ദിവസത്തെ വാർഷിക അവധി കൂടി എടുത്താൽ ഡിസംബർ 2 മുതൽ 6 വരെ തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. അതായത് രണ്ട് ദിവസത്തെ പൊതുഅവധിക്കൊപ്പം വാരാന്ത്യവും ഒരു ദിവസത്തെ വാർഷിക അവധിയും ചേർത്ത് നീണ്ട അവധി ആസ്വദിക്കാം. അതേസമയം, നാല് ദിവസത്തെ പ്രവൃത്തിവാരം പിന്തുടരുന്ന ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അധിക വാർഷിക അവധി എടുക്കാതെ തന്നെ വാരാന്ത്യം ഉൾപ്പെടെ അഞ്ച് ദിവസത്തെ ഇടവേള ലഭിക്കും.

2024 മുതൽ യുഎഇ ദേശീയ ദിനാഘോഷം ‘ഈദ് അൽ ഇത്തിഹാദ്’ അഥവാ ‘ഫെഡറേഷന്റെ ആഘോഷം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. രാജ്യത്തിന്റെ 55-ാം വാർഷികാഘോഷമാണ് ഇത്തവണ നടക്കുന്നത്. യുഎഇ പ്രഖ്യാപിച്ച ‘കുടുംബ വർഷ’ത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളും നടക്കുന്നത്. കഴിഞ്ഞ 55 വർഷത്തെ രാജ്യത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വിവിധ തലമുറകൾക്കും ഇത്തവണ പ്രത്യേക പ്രാധാന്യം നൽകും.

അവധിക്കാലത്ത് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ നേരത്തെ തന്നെ ബുക്കിങ് നടത്തുന്നതാണ് ഉചിതമെന്ന് ട്രാവൽ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. അവധി ദിവസങ്ങൾ അടുത്തെത്തുന്നതോടെ വിമാന ടിക്കറ്റുകളുടെയും ഹോട്ടൽ മുറികളുടെയും നിരക്ക് ഉയരാൻ സാധ്യതയുള്ളതിനാൽ കുറഞ്ഞ നിരക്കിൽ യാത്ര ഉറപ്പാക്കാൻ പലരും ഇതിനകം തന്നെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version