ഗൾഫ് യാത്രയ്ക്ക് മരുന്നുകൾ പാക്ക് ചെയ്യുന്നവരേ, ശ്രദ്ധിക്കുക! ഒരു ചെറിയ അശ്രദ്ധ മതി വിമാനത്താവളത്തിൽ കുടുങ്ങാൻ; മുന്നറിയിപ്പുമായി ദുബായ് കസ്റ്റംസ്

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ മരുന്നുകൾ കൊണ്ടുവരുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ദുബായ് കസ്റ്റംസിന്റെ മുന്നറിയിപ്പ്. താമസിക്കുന്ന കാലയളവിൽ ആവശ്യമായി വരുന്ന മരുന്നുകൾ മാത്രം കൈവശം കരുതണമെന്നും വ്യക്തിഗത ഉപയോഗത്തിനെന്ന പേരിൽ വലിയ അളവിൽ മരുന്നുകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അനുവദനീയമായ അളവിൽ കൂടുതൽ മരുന്നുകൾ കൈവശമുണ്ടെങ്കിൽ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നും യാത്ര വൈകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

യുഎഇയിൽ നിയന്ത്രണമുള്ള ചില പ്രത്യേക വിഭാഗം മരുന്നുകൾ കൊണ്ടുവരുന്നതിന് കർശനമായ നിബന്ധനകളുണ്ട്. ഇത്തരം മരുന്നുകൾ കൈവശമുള്ളവർ ഡോക്ടറുടെ സാധുവായ കുറിപ്പടിയോ മെഡിക്കൽ സർട്ടിഫിക്കറ്റോ നിർബന്ധമായും കരുതണം. മറ്റ് രാജ്യങ്ങളിൽ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങാൻ കഴിയുന്ന മരുന്നുകൾക്ക് യുഎഇയിൽ സമാനമായ ഇളവുണ്ടാകണമെന്നില്ല. അതിനാൽ യാത്രയ്ക്ക് മുമ്പ് മരുന്നുകളുടെ നിയമപരമായ നിയന്ത്രണങ്ങൾ പരിശോധിക്കണം. യുഎഇ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് പ്രസിദ്ധീകരിച്ച നിയന്ത്രിത മരുന്നുകളുടെ പട്ടിക പരിശോധിച്ച് തങ്ങളുടെ കൈവശമുള്ള മരുന്നുകൾക്ക് അനുമതിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതും പ്രധാനമാണ്.

നിയന്ത്രിത മരുന്നുകൾ, പ്രത്യേക മെഡിക്കൽ ഉപകരണങ്ങൾ, കസ്റ്റംസ് ചട്ടങ്ങൾക്ക് വിധേയമായ മറ്റ് വസ്തുക്കൾ എന്നിവ കൊണ്ടുവരുന്നവർ അവയുടെ വിവരം അധികൃതരെ അറിയിക്കണം. ആവശ്യമായ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് വിമാനത്താവളത്തിലെ പരിശോധനകൾ നീളുന്നതിനും പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾക്കും കാരണമായേക്കാം. ഇത്തരം വസ്തുക്കൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി യാത്രക്കാർക്ക് ദുബായ് കസ്റ്റംസിന്റെ ‘iDeclare’ മൊബൈൽ ആപ്പും പ്രയോജനപ്പെടുത്താം. യാത്ര പുറപ്പെടുന്നതിന് മുമ്പായോ വിമാനത്താവളത്തിലെത്തിയ ശേഷമോ ആപ്പ് വഴി വിവരങ്ങൾ സമർപ്പിക്കാനാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version