യുഎഇയിൽ ഇനി ഫുഡ് ഡ്രോൺ വഴി പറന്നെത്തും
യുഎഇയിൽ താമസിക്കുന്നവർക്ക് ഇനി തലാബത്ത് ആപ്പിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണവും പലചരക്ക് സാധനങ്ങളും ഡ്രോൺ വഴി വീട്ടിലെത്തും. അബുദാബിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഫുഡ് ഡെലിവറിക്ക് തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പരീക്ഷണ പറക്കലുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആദ്യ കസ്റ്റമർ ഓർഡറുകൾ ഡ്രോൺ വഴി എത്തിക്കാനാകും എന്നാണ് പ്രതീക്ഷ.
“തലാബത്ത് ആപ്പ് വഴി നിങ്ങൾക്ക് ഭക്ഷണവും പലചരക്കും ഓർഡർ ചെയ്യാം. ഡ്രോൺ തലാബത്ത് അടുക്കളയിൽ നിന്നോ റെസ്റ്റോറന്റിൽ നിന്നോ ഡ്രോപ്പ്-ഓഫ് സ്റ്റേഷനിലേക്ക് പറക്കും,” അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള അഡ്വാൻസ്ഡ് ടെക്നോളജി കമ്പനിയായ K2-ന്റെ സ്ട്രാറ്റജി വൈസ് പ്രസിഡന്റ് വലീദ് അൽ ബ്ലൂഷി വ്യക്തമാക്കി.
നിലവിൽ യാസ് മറീന സർക്യൂട്ടിൽ നടക്കുന്ന അബുദാബി ഓട്ടോണമസ് വീക്കിന്റെ ഭാഗമായ ഡ്രിഫ്റ്റ്‌എക്സ് എക്‌സിബിഷനിൽ രണ്ട് ഡ്രോണുകൾ പരീക്ഷണ ഘട്ടത്തിലാണ്. “ഇത് ഒരു പരീക്ഷണ കേന്ദ്രം മാത്രമാണ്. തലാബത്തുമായുള്ള സഹകരണത്തോടെ ഞങ്ങൾ കൂടുതൽ വളർച്ച ലക്ഷ്യമിടുന്നു,” അൽ ബ്ലൂഷി പറഞ്ഞു. ഡ്രിഫ്റ്റ്‌എക്സ് പരിപാടിക്കിടെ തലാബത്തുമായുള്ള ഔദ്യോഗിക കരാർ ഒപ്പുവെക്കുമെന്നും 45 ദിവസത്തിനുള്ളിൽ പദ്ധതി പൂർണമായും നടപ്പാക്കാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ ഉറപ്പ്.
പ്രവർത്തന രീതി
ഡ്രോൺ ഡെലിവറി ആരംഭിച്ചതിന് ശേഷം ഉപഭോക്താക്കൾക്ക് തലാബത്ത് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യുകയും ഡ്രോൺ ഒരു നിശ്ചിത ഡ്രോപ്പ്-ഓഫ് സ്റ്റേഷനിൽ സാധനം എത്തിക്കുകയും ചെയ്യും. നിലവിൽ ഒരു ഡ്രോപ്പ്-ഓഫ് സ്റ്റേഷൻ മാത്രമുണ്ടെങ്കിലും അബുദാബിയിലുടനീളം ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് അൽ ബ്ലൂഷി അറിയിച്ചു. പ്രാദേശിക കാലാവസ്ഥയെ ചെറുക്കാനാവുന്ന രീതിയിലാണ് പാക്കേജിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. “ഇത് ഡ്രോണുകൾക്കുറിച്ചുള്ളതുമാത്രമല്ല, പാക്കേജിംഗിനെയും കുറിച്ചുമാണ്. ചൂടും ഈർപ്പവും ഉൾപ്പെടെ എല്ലാ കാലാവസ്ഥയിലും സുരക്ഷിതമായി എത്തിക്കാൻ പാക്കേജിംഗ് ക്രമീകരിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പരീക്ഷണ ഡ്രോണുകൾക്ക് 10 മുതൽ 20 കിലോഗ്രാം വരെ പേലോഡ് ശേഷിയും 5 മുതൽ 10 കിലോമീറ്റർ വരെ പറക്കാവുന്ന പരിധിയുമാണ്. “ഇത് പ്രാരംഭ ഘട്ടമാണ്; ഭാവിയിൽ കൂടുതൽ ദൂരം പോകാനും ഭാരം വഹിക്കാനും കഴിയുന്ന വിധത്തിൽ വികസനം നടത്തും,” അൽ ബ്ലൂഷി കൂട്ടിച്ചേർത്തു.
K2 ഇതിനകം തന്നെ നൂൺ (Noon) കമ്പനിക്കൊപ്പം ഓട്ടോണമസ് ഗ്രൗണ്ട് ഡെലിവറി പരീക്ഷണങ്ങൾ നടത്തി വരികയാണ്. “നൂൺ വെയർഹൗസിൽ നിന്ന് അൽ റാഹ ബീച്ചിലേക്ക് സ്വയം നിയന്ത്രിത വാഹനങ്ങളിലൂടെ ഡെലിവറി പരീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. തലാബത്തുമായുള്ള ഈ സഹകരണം K2-യുടെ ആദ്യ വ്യോമ ഡെലിവറി പദ്ധതി ആണെന്നും, ഇത് യുഎഇയിലെ ഭക്ഷണവും പലചരക്കും ഡ്രോൺ വഴി എത്തിക്കുന്നതിലെ ആദ്യ ശ്രമമാവുമെന്നും അൽ ബ്ലൂഷി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് സന്തോഷവാർത്ത, യുഎഇ ദേശീയ ദിനാഘോഷം: 9 ദിവസം അവധി നേടാം എങ്ങനെയെന്നല്ലേ??
ഈ വർഷം യുഎഇയിൽ ഇനി ബാക്കിയുള്ള പൊതു അവധി ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനാഘോഷം) മാത്രമാണ്. സർക്കാർ, സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധി തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നാലോ അഞ്ചോ ദിവസത്തെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വർഷാവസാനത്തോടനുബന്ധിച്ച് വലിയൊരു അവധിക്ക് കാത്തിരിക്കുന്ന പ്രവാസികൾക്ക് ഇത് സന്തോഷവാർത്തയാകും. ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2, 3 തീയതികളിലാണ്. ഈ വർഷം അവ ആഴ്ചയുടെ മധ്യത്തിൽ വരുന്നതിനാൽ, തിങ്കളാഴ്ചയും ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാൽ, ശനി, ഞായർ വാരാന്ത്യത്തോടൊപ്പം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളും ഉൾപ്പെടുത്തി തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും.
യുഎഇ കാബിനറ്റ് റെസല്യൂഷൻ പ്രകാരം, ഈദ് അവധികളൊഴികെയുള്ള പൊതു അവധികൾ വാരാന്ത്യത്തിനടുത്തേക്ക് മാറ്റാവുന്നവയാണ്. അതിനാൽ, ഡിസംബർ 3-ലെ അവധി തിങ്കളാഴ്ചയിലേക്ക് മാറ്റിയാൽ നാല് ദിവസത്തെ അവധി ലഭിക്കാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ, പ്രവാസികൾക്കായി ‘സാൻഡ്‌വിച്ച് ലീവ്’ എന്ന ആശയം ഏറെ പ്രായോഗികമാകുന്നു. വാർഷിക അവധിയിൽ നിന്ന് വെറും രണ്ട് ദിവസം (ഡിസംബർ 4 വ്യാഴം, ഡിസംബർ 5 വെള്ളി) ലീവ് എടുത്താൽ, നവംബർ 29 (ശനി) മുതൽ ഡിസംബർ 7 (ഞായർ) വരെ തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ആസ്വദിക്കാം. പൊതു അവധിയുടെ മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ വാർഷിക ലീവ് ഉപയോഗിച്ച് വാരാന്ത്യങ്ങൾ ഉൾപ്പെടുത്തി നീണ്ട അവധിയാക്കി മാറ്റുന്ന രീതിയാണ് ‘സാൻഡ്‌വിച്ച് ലീവ്’ എന്നത്. ഈ സംവിധാനം ശനി, ഞായർ വാരാന്ത്യമുള്ളവർക്ക് മാത്രമേ ബാധകമായുള്ളൂ. അതേസമയം, അവസാന തീരുമാനം ഓരോ കമ്പനിയുടെ അവധി നയങ്ങൾ അനുസരിച്ചായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പുതിയ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കാര്യങ്ങൾ ഈസിയാകും; ഇത്തിഹാദ് റെയിൽ ട്രെയിൻ സ്റ്റേഷനുകളിൽ ചെക്ക് ഇൻ സൗകര്യമൊരുക്കും
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കുന്നതിനായി ദുബായിലെ പുതിയ മെഗാ വിമാനത്താവളമായ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് നവീന സംവിധാനങ്ങൾ ഒരുക്കുന്നു. വിമാനത്താവള ടെർമിനലിൽ എത്തുന്നതിന് മുൻപ് തന്നെ ഇത്തിഹാദ് റെയിൽ ട്രെയിൻ സ്റ്റേഷനുകളിൽ ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്‌സ് അറിയിച്ചു.
ഗ്രിഫിത്ത്‌സ് ഏവിയേഷൻ പ്രസിദ്ധീകരണമായ “ഫ്ലൈറ്റ് ഗ്ലോബലിന്” നൽകിയ അഭിമുഖത്തിൽ, ഈ ആശയം യാത്രികർക്ക് വൻ സഹായമാകും എന്ന് പറഞ്ഞു. ഇതിലൂടെ യാത്രക്കാർ ബാഗേജിന്റെ ഭാരമില്ലാതെ ടെർമിനലിൽ എത്താനും, വിമാനത്താവളത്തിലേക്ക് മെട്രോ ലിങ്ക് ഇല്ലാത്ത വെല്ലുവിളി മറികടക്കാനും കഴിയും. അബൂദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അതിവേഗ പാസഞ്ചർ റെയിൽ സേവനമാണ് ഇത്തിഹാദ് റെയിൽ. റീം ദ്വീപ്, സാദിയാത്ത് ദ്വീപ്, യാസ് ദ്വീപ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം (അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത്), അൽ ജദ്ദാഫ് എന്നിവയുൾപ്പെടെ ആറ് പ്രധാന സ്റ്റേഷനുകളാണ് ഈ ശൃംഖലയിലുളളത്. ഈ സ്റ്റേഷനുകൾ തന്നെ ചെക്ക് ഇൻ പോയിന്റുകളായി പ്രവർത്തിക്കും, അതുവഴി യാത്രാനുഭവം കൂടുതൽ വേഗത്തിലും സുഗമമായും ആക്കാനാണ് ലക്ഷ്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments (0)