Posted By user Posted On

നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് നഷ്ടമായോ? എങ്കിൽ എങ്ങനെ വീണ്ടെടുക്കാമെന്ന് നോക്കാം

ജിമെയിൽ അക്കൗണ്ട് നഷ്ടപ്പെടുന്നത് ഏവർക്കും വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച്, റിക്കവറി ഇമെയിൽ വിലാസമോ ബന്ധിപ്പിച്ച ഫോൺ നമ്പറോ നഷ്ടമായാൽ പ്രശ്നം ഗുരുതരമാകും. സുരക്ഷാ കാരണങ്ങളാലോ ഉപയോക്തൃനാമവും പാസ്‌വേഡും മറന്നുപോയതിനാലോ ഇത് സംഭവിക്കാം. എങ്കിലും, ഇത്തരം സാഹചര്യങ്ങളിലും അക്കൗണ്ട് പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന നിരവധി ബദൽ മാർഗ്ഗങ്ങൾ ഗൂഗിൾ ഒരുക്കുന്നുണ്ട്.

ഉപകരണ പരിശോധന വഴി ലളിതമായ വീണ്ടെടുപ്പ്

അക്കൗണ്ട് വീണ്ടെടുക്കുന്നതിന്റെ എളുപ്പ മാർഗ്ഗം മുൻപ് ഉപയോഗിച്ചിരുന്ന ഉപകരണം വഴിയാണ്. മുമ്പ് ജിമെയിൽ ലോഗിൻ ചെയ്തിട്ടുള്ള കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ചാൽ ഉടമസ്ഥാവകാശം സ്ഥിരീകരിച്ച് വീണ്ടും പ്രവേശനം നേടാം.

സമീപകാല പ്രവർത്തനങ്ങൾ വഴി സ്ഥിരീകരണം

അടുത്തിടെ ജിമെയിൽ ഉപയോഗിച്ചിട്ടുള്ള ഉപകരണമോ ലൊക്കേഷനോ ഗൂഗിളിന് കാണിച്ചാൽ അക്കൗണ്ട് തിരിച്ചുപിടിക്കാൻ സാധ്യത കൂടുതലാണ്. അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി ഗൂഗിൾ ഈ വിവരങ്ങൾ ഉപയോഗിക്കും.

റിക്കവറി പരാജയപ്പെട്ടാൽ

വിശ്വസനീയമായ ഉപകരണമില്ലെങ്കിൽ അല്ലെങ്കിൽ സമീപകാല പ്രവർത്തനങ്ങൾ ഓർമ്മയില്ലെങ്കിൽ, ഗൂഗിള്‍ നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യാൻ കൂടുതൽ സമയം എടുക്കും. പ്രശ്നത്തിന്റെ സങ്കീർണ്ണതയെ ആശ്രയിച്ച് ഇത് ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവരാം.

അക്കൗണ്ട് റിക്കവറി പേജ് വഴിയുള്ള ശ്രമം

റിക്കവറി ഇമെയിലോ ഫോൺ നമ്പറോ നൽകാൻ ആവശ്യപ്പെട്ടാൽ ‘Try another way’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ നൽകിയ സുരക്ഷാ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകുന്നതും സഹായകരമാകും.

അപ്പീൽ പ്രക്രിയ

മറ്റ് മാർഗ്ഗങ്ങൾ ഫലം കാണാത്ത പക്ഷം, ഗൂഗിളിനെ നേരിട്ട് സമീപിക്കാം. പ്രവർത്തനരഹിതമായ (disabled) അക്കൗണ്ടുകൾക്കു വേണ്ടി അപ്പീൽ സമർപ്പിക്കാം. അക്കൗണ്ട് ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി മതിയായ രേഖകൾ ആവശ്യപ്പെടും. ഈ പ്രക്രിയയ്ക്ക് ദിവസങ്ങളോ ഒരാഴ്ചയോ വേണ്ടിവരും.

സുരക്ഷിതമായി അക്കൗണ്ട് സംരക്ഷിക്കുക

അക്കൗണ്ട് വീണ്ടെടുത്തതിന് ശേഷം പാസ്‌വേഡ് ഉടൻ സുരക്ഷിതമായ മറ്റൊന്നായി മാറ്റണം. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ റിക്കവറി ഇമെയിലും ഫോൺ നമ്പറും അപ്‌ഡേറ്റ് ചെയ്യണമെന്ന് ഗൂഗിൾ നിർദേശിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിലെ ഈ റോഡ് താത്ക്കാലികമായി അടച്ചിടും; ശ്രദ്ധിക്കുക

റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി അൽ കോർണിഷ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) അറിയിച്ചു. വ്യാഴാഴ്ച രാത്രി 10 മണി മുതൽ ഞായറാഴ്ച പുലർച്ചെ 5 മണിവരെ അടച്ചിടൽ തുടരും.

ഓൾഡ് ദോഹ പോർട്ട് ഇന്റർസെക്ഷൻ മുതൽ അൽ ദീ്വാൻ ഇന്റർചേഞ്ച് വരെയുള്ള ഇരുഭാഗങ്ങളിലുമുള്ള റോഡാണ് ഗതാഗതത്തിന് അടച്ചിടുന്നത്. ഈ കാലയളവിൽ വാഹനയാത്രക്കാർ നിർദേശിച്ചിട്ടുള്ള പാതകൾ ഉപയോഗിക്കണമെന്നും, വേഗപരിധിയും ഗതാഗത നിയമങ്ങളും കർശനമായി പാലിക്കണമെന്നും അഷ്ഗാൽ നിർദേശിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ചോരാത്ത ആത്മവിശ്വാസം; ഖത്തറിൽ വെച്ചുണ്ടായ അപകടത്തിൽ കാലുകളുടെ ചലനശേഷി നഷ്ടമായി; കൂടുതൽ കരുത്തോടെ ലോകം ചുറ്റി മലയാളി യുവാവ്

ഖത്തറിൽ വെച്ചുണ്ടായ അപകടത്തിൽ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും തൃശൂർ സ്വദേശിയായ ഇസ്മായിൽ യൂസഫിന്റെ ആത്മവിശ്വാസത്തിന് ഒരിക്കലും കുറവുണ്ടായില്ല. ലോകം മുഴുവൻ കറങ്ങുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഖത്തറിൽ നിന്ന് സൗദിയിലേക്കും എത്തി. ഉംറ നിർവഹിക്കാനാണ് സ്വയം കാറോടിച്ച് ഖത്തറിൽ നിന്നു റിയാദ് വഴി മക്കയിലെത്തിയത്. ദോഹയിൽ നിന്ന് റിയാദിലേക്ക് വിമാനത്തിൽ എത്തിച്ചേരുകയും അവിടെ നിന്ന് കാർ വാടകയ്‌ക്കെടുത്താണ് ജിദ്ദ വഴിയായി മക്കയിലേക്കും തിരിച്ചു യാത്ര ചെയ്തത്. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശികളായ പള്ളിപ്പറമ്പിൽ യൂസഫ്-സുബൈദ ദമ്പതികളുടെ ഇളയ മകൻ ഇസ്മായിൽ യൂസഫിന്റെ 2012 നവംബറിൽ സംഭവിച്ച അപകടം മൂലം ജീവിതം തന്നെ മാറിമറിഞ്ഞു. ഖത്തറിൽ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. ഇരുമ്പ് ഗേറ്റ് ചാരി വയ്ക്കുന്നതിനിടെ അത് സ്ലൈഡ് ചെയ്ത് ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നട്ടെല്ല് തകരുകയും സ്പൈനൽ കോഡിന് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.

ഒരു മാസം ഹമദ് ആശുപത്രിയിലും അഞ്ചു മാസം റുമൈല ആശുപത്രിയിലും ചികിൽസ നടത്തിയെങ്കിലും രണ്ടു പ്രധാന സർജറികൾക്കൊടുവിൽ ഫലമുണ്ടായില്ല. മറ്റൊരാളുടെ സഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിൽ രണ്ടു കൊല്ലം തുടരേണ്ടിവന്നു. എന്നാൽ ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഇസ്മായിൽ ലോകസഞ്ചാരിയായിത്തീർന്നു.

കോവിഡ് കാലത്ത് ലോകം അടച്ചിട്ടിരുന്നപ്പോൾ പോലും ഇന്ത്യയിലെ പതിനാറോളം സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തി. 2020-ൽ സ്വിറ്റ്സർലൻഡിലെ ലോസാനിൽ നടന്ന വിന്റർ ഒളിമ്പിക്സിലും 2022-ൽ സെർബിയയിൽ നടന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും വൊളന്റിയറായി പങ്കെടുത്തു. 2022-ൽ അസർബൈജാൻ, ജോർജിയ, സെർബിയ, ജർമനി, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, ലക്സംബർഗ്, ഓസ്ട്രിയ, ബെൽജിയം, നെതർലൻഡ് എന്നിവിടങ്ങളിലായി ഒമ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു.
നാല് തവണ യുഎഇ, രണ്ടു തവണ സൗദി, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു. 2024-ൽ അമേരിക്കയിൽ നടന്ന പാൻ അമേരിക്കൻ മാസ്റ്റർ ഗെയിംസിലും വൊളന്റിയറായി പങ്കെടുത്തു.

കഴിഞ്ഞ സെപ്റ്റംബർ 26-നാണ് ഇസ്മായിൽ യൂസഫിന്റെ പുതിയ സൗദി സന്ദർശനം ആരംഭിച്ചത്. ഖത്തർ എയർവേയ്‌സിൽ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തി, അവിടെ നിന്ന് വാടക കാർ എടുത്ത് മക്കയിലേക്ക് യാത്ര തുടങ്ങി. കൈകൊണ്ട് ബ്രേക്കും ആക്സിലേറ്ററും നിയന്ത്രിക്കാൻ കഴിയുന്ന, അമേരിക്കയിൽനിന്ന് കൊണ്ടുവന്ന പ്രത്യേക സംവിധാനമുള്ള വാഹനമാണ് അദ്ദേഹം ഓടിച്ചത്. ഇത്തരത്തിലുള്ള വാഹനം ഓടിക്കാൻ പ്രത്യേകം ലൈസൻസും ആവശ്യമാണ്. റിയാദിൽ നിന്ന് മദീന, ജിദ്ദ വഴിയാണ് മക്കയിലേക്കെത്തിയത്. നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം റിയാദിലെത്തിയ അദ്ദേഹം പിന്നീട് വിമാനത്തിൽ ദോഹയിലേക്ക് തിരിച്ചു. സൗദിയിലെ യാത്രയിൽ സഹോദരൻ മുസ്തഫയും കൂട്ടായി.
സൗദിയിലെ സന്ദർശനം കഴിഞ്ഞതോടെ ഇനി ഒറ്റയ്ക്ക് കാറോടിച്ച് ലോകം ചുറ്റാനുള്ള ഒരുക്കത്തിലാണ് ഇസ്മായിൽ യൂസഫ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

വിമാനയാത്രയ്ക്കിടെ സ്ട്രോക്ക്; ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ സ്ട്രോക്ക് വന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ചികിത്സയിലായിരുന്ന മലയാളി മുരളീധരനെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) സംഘാടനത്തോടെയുമാണ് മടക്കം സാധ്യമായത്. അദ്ദേഹത്തോടൊപ്പം മരുമകനും ഉണ്ടായിരിന്നു.

സെപ്റ്റംബർ 24ന് യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വിമാനത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഖത്തർ എയർവേസിന്റെ മെഡിക്കൽ വിഭാഗം അടിയന്തരമായി മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 ദിവസത്തെ ചികിൽസയ്ക്കുശേഷമാണ് ഇന്നലെ വൈകുന്നേരം നാട്ടിലേക്ക് മടങ്ങിയത്.

നടപടികൾക്ക് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ എയർവേയ്‌സ്, ഇന്ത്യൻ എംബസി എന്നിവയുടെ ഏകോപനത്തോടെയാണ് സുരക്ഷിതമായ തിരിച്ചുപോക്ക് സാധ്യമായതെന്ന് എംബസി അറിയിച്ചു. സഹായം നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version