വാട്സാപ്പിലൂടെ മയക്കുമരുന്ന് വിൽപ്പന; യുഎഇയിൽ പിടിയിലായത് 680 പേർ
ഓൺലൈൻ വഴിയുള്ള മയക്കുമരുന്ന് വിൽപനക്കെതിരെ ശക്തമായ നടപടിയെടുത്ത് ഷാർജ പൊലീസ്. കഴിഞ്ഞ വർഷം വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വിൽപന നടത്തിയ 912 കേസുകൾ രജിസ്റ്റർ ചെയ്തതായി മയക്കുമരുന്ന് വിരുദ്ധ സേന ഡയറക്ടർ ബ്രിഗേഡിയർ മാജിദ് അൽ അസം പറഞ്ഞു. 680 പേരാണ് കേസുകളിൽ അറസ്റ്റിലായത്. മയക്കുമരുന്നിന് പ്രോത്സാഹനം നൽകുന്നതും വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തുന്നതുമായ 680 സമൂഹ മാധ്യമ അക്കൗണ്ടുകൾ പൂട്ടുകയും ചെയ്തു. സൈബർ കുറ്റകൃത്യങ്ങളും സംശയകരമായ പ്രവർത്തനങ്ങളും ഓൺലൈൻ പട്രോളിങ്ങിലൂടെ നിരന്തരം നിരീക്ഷിക്കുകയും സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുകയും ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത നിരവധി പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. പട്രോളിങ്ങിലൂടെ 800 ക്രിമിനൽ രീതികളാണ് തിരിച്ചറിഞ്ഞത്.
അതേസമയം, വാട്സ്ആപ്പിലൂടെ പ്രലോഭന സന്ദേശങ്ങൾ അയച്ച് കൗമാരക്കാരനെ മയക്കുമരുന്നിന് അടിമയാക്കാനുള്ള ക്രിമിനൽ സംഘത്തിൻറെ ശ്രമം തകർക്കാനും ഷാർജ പൊലീസിന് കഴിഞ്ഞു. 13കാരനായ ഇമാറാത്തി ആൺകുട്ടിയെയാണ് സമയോചിത ഇടപെടലിലൂടെ പൊലീസ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മകൻറെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് സഹായം ആവശ്യപ്പെട്ട് പൊലീസിനെ ഫോണിലൂടെ സമീപിക്കുകയായിരുന്നുവെന്ന് ഷാർജ പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മാജിദ് അൽ അസം പറഞ്ഞു. മയക്കുമരുന്ന് വാഗ്ദാനം ചെയ്ത് മകന് നിരന്തരം സന്ദേശങ്ങൾ ലഭിക്കുന്നതായി പിതാവ് അറിയിച്ചു. അപകടത്തിൻറെ ഗൗരവം പൂർണമായും മനസ്സിലാക്കാതെ മകൻ ഓൺലൈനായി പണം കൈമാറുകയും മയക്കുമരുന്ന് എത്തിക്കുന്ന സ്ഥലത്തേക്ക് പോവുകയും ചെയ്യുകയാണ്. പിതാവിൻറെ വിശദീകരണം കേട്ട പൊലീസ് ഉടൻ വിഷയത്തിൽ ഇടപെടുകയും കുട്ടിയെ രക്ഷപ്പെടുത്തി വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ മെഡിക്കൽ പരിചരണത്തിലൂടെ കുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു. ഓൺലൈനിൽ കളിക്കുന്ന കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണെന്ന് ബ്രിഗേഡിയർ മാജിദ് അൽ അസം അഭ്യർഥിച്ചു. കുട്ടികളുടെ സ്വഭാവത്തിൽ മാറ്റം കാണുകയോ മയക്കു മരുന്ന് ഉപയോഗത്തിൻറെ സൂചനകൾ കാണുകയോ ചെയ്താൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)