Posted By user Posted On

അപകടകരമായ വസ്തുക്കൾ നിയന്ത്രിക്കാൻ യുഎഇയിൽ പുതിയ പ്ലാറ്റ്ഫോം

അപകടകരമായ വസ്തുക്കൾ സുരക്ഷിതമായി നിയന്ത്രിക്കാൻ അബുദാബി പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു. പൊതുസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു നടപടി.അബുദാബി ഹസാഡസ് മെറ്റീരിയൽസ് പ്ലാറ്റ്ഫോമിലൂടെ അപകടകരമായ വസ്തുക്കളുടെ വിവരങ്ങൾ ലഭിക്കുമെന്ന് അബുദാബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൂൺ അൽ മുഹൈരി പറഞ്ഞു. സമഗ്ര നിയന്ത്രണ സംവിധാനം നടപ്പാക്കുന്നതിലൂടെ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുമെന്നും അറിയിച്ചു.

രാസവസ്തുക്കൾ ഉൾപ്പെടെ അപകടകരമായ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പ്രത്യേക സംഭരണ ലൈസൻസ് നേരത്തെ ഏർപ്പെടുത്തിയിരുന്നു. വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കായി ഒഴിഞ്ഞ സ്ഥലത്തു സംഭരണശാല സജ്ജമാക്കാനാണു നിർദേശം. ഇത്തരം വസ്തുക്കളുടെ പ്രാധാന്യവും സുരക്ഷയും കണക്കിലെടുത്താണു തീരുമാനം.

ആരോഗ്യ, പ്രതിരോധ, പൊതു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി മാത്രമേ സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ അപകടകരമായ വസ്തുക്കളുടെ ഇറക്കുമതി, കയറ്റുമതി, ഗതാഗതം, ഉൽപാദനം, സംഭരണം, വ്യാപാരം, വിതരണം, സുരക്ഷിതമായി നീക്കംചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അനുമതി നൽകൂ.

പരിസ്ഥിതി ഏജൻസിയുടെ മേൽനോട്ടത്തിൽ അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് ഉൾപ്പെടെ 28 സർക്കാർ വകുപ്പ് പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി നിരീക്ഷിച്ചാണു സുരക്ഷ ഉറപ്പാക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version