ബലി പെരുന്നാൾ: യുഎഇയിൽ വിപണി ഉണർന്നു
ത്യാഗനിർഭരമായ ഓർമകളുണർത്തി ബലി പെരുന്നാൾ (ഈദ് അൽ അദ്ഹ) അടുത്തിരിക്കെ യുഎഇയിലെ ബലിമൃഗങ്ങളുടെ വിപണി ഉണർന്നു. ഇപ്രാവശ്യം ഇന്ത്യയിൽ നിന്നുള്ള ആടുകൾ നേരത്തെ എത്തി വിപണി കീഴടക്കിക്കഴിഞ്ഞു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യ കൂടാതെ, യുഎഇ, സൊമാലിയ, ഇറാൻ, കെനിയ, ഇത്യോപ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം ആടുകളെ ഇറക്കുമതി ചെയ്യുന്നത്.മറ്റുള്ളവയെ അപേക്ഷിച്ച് വിലയിത്തിരി കൂടുതലാണെങ്കിലും രുചികരമായ മാംസമുള്ള ഇന്ത്യൻ ആടുകളോട് തന്നെയാണ് സ്വദേശികൾക്ക് ഉൾപ്പെടെ പ്രിയം. എങ്കിലും ഇന്ത്യയിൽ നിന്ന് മാടുകളെ ഇറക്കുമതി ചെയ്യുന്നില്ല. പാക്കിസ്ഥാൻ കൂടാതെ, സൊമാലിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ കാളയെയും പോത്തിനെയും യുഎഇ വിപണിയിലെത്തിക്കുന്നത്. ഇപ്രാവശ്യം നേരിട്ട് വിപണിയിൽ ചെന്ന് ആടുമാടുകളെ വാങ്ങുന്നതിന് പകരം ഓൺലൈനിലൂടെ ബുക്ക് ചെയ്താൽ ഇറച്ചി നേരിട്ട് വീട്ടിലെത്തിച്ചു നൽകുന്ന സംവിധാനവും സജീവമാണ്.
പെരുന്നാളിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾക്കുള്ളത്. ജൂൺ ആറിനാണ് യുഎഇ അടക്കം ഗൾഫിൽ ബലി പെരുന്നാൾ. ഈ ദിവസം രാവിലെയാണ് ബലിയർപ്പിക്കേണ്ടത്. ദൈവഹിതപ്രകാരം ഇബ്രാഹിം നബി മകൻ ഇസ്മായീലിനെ ബലിയർപ്പിക്കാൻ തുനിഞ്ഞപ്പോൾ, ദൈവം ഒരു ആടിനെ അയച്ച് അതിനെ ഒഴിവാക്കിയതാണ്. ഈ ത്യാഗസ്മരണയാണ് ഇസ്‌ലാം വിശ്വാസികൾ ബലി പെരുന്നാളിൽ മൃഗങ്ങളെ ബലിയർപ്പിച്ച് പുതുക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)