ഖത്തറിന്റെ ആഡംബര ജെറ്റ്; സമ്മാനം സ്വീകരിച്ചില്ലെങ്കില്‍ താന്‍ വിഡ്ഢിയെന്ന് ഡൊണാള്‍ഡ് ട്രംപ്
ദോഹ: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ഖത്തര്‍ ആഢംബര ജെറ്റ് സമ്മാനമായി നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ട്രംപ്. ‘അവര്‍ ഞങ്ങള്‍ക്ക് ഒരു സമ്മാനം നല്‍കുന്നു,’ അത് സ്വീകരിച്ചില്ലെങ്കില്‍ താന്‍ ‘ഒരു വിഡ്ഢി’ ആയിരിക്കുമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുരക്ഷയുടെയും സുരക്ഷയുടെയും കാര്യത്തില്‍ യുഎസ് ‘വര്‍ഷങ്ങളായി’ മറ്റ് രാജ്യങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ ‘നേതൃത്വത്തോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും ട്രംപ് പറഞ്ഞു.
ആഢംബര ജെറ്റ് സമ്മാനമാണെന്നും ഇതിനായി പണം ചെലവാക്കിയിട്ടില്ലെന്നും പറഞ്ഞ ട്രംപ്, എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിന് പകരമായി താല്‍ക്കാലികമായി സ്വീകരിക്കുന്നതാണെന്നും വ്യക്തമാക്കി. ‘പ്രതിരോധ വകുപ്പിന് സമ്മാനം ലഭിക്കുകയാണ്, സൗജന്യമായി. 747 എയര്‍ക്രാഫ്റ്റ് നാല്‍പ്പത് വര്‍ഷം പഴക്കമുള്ള എയര്‍ ഫോഴ്‌സ് വണ്ണിന് പകരമായി താല്‍ക്കാലികമായി, വളരെ പരസ്യമായ സുതാര്യമായ ഇടപാടിലൂടെ ലഭിക്കുകയാണ്. – ഡൊണാള്‍ഡ് ട്രംപ്.
അതേസമം താല്‍ക്കാലിക ഉപയോഗത്തിനായി ഒരു വിമാനം ട്രംപിന് കൈമാറുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ഖത്തര്‍ നല്‍കുന്ന വിശദീകരണം. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുറത്തുവിട്ട ഈ റിപ്പോര്‍ട്ടുകളോടാണ് ഖത്തര്‍ മീഡിയ അറ്റാഷെ അലി അല്‍ അന്‍സാരി പ്രസ്താവനയിലൂടെ പ്രതികരിച്ചത്. ‘പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഖത്തര്‍ അമേരിക്കന്‍ സര്‍ക്കാരിന് ഒരു ജെറ്റ് സമ്മാനമായി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. എയര്‍ഫോഴ്സ് വണിന് പകരം താല്‍ക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയവും യുഎസ് പ്രതിരോധ വകുപ്പും തമ്മില്‍ പരിഗണിച്ച് വരികയാണ്. വിഷയം ബന്ധപ്പെട്ട നിയമ വകുപ്പുകളുടെ അവലോകനത്തിലാണ്, ഈ വിഷയത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല’- പ്രസ്താവനയില്‍ അലി അല്‍ അന്‍സാരി വ്യക്തമാക്കി.
ട്രംപ് രണ്ടാമത് അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ വിദേശ യാത്രയുടെ ഭാഗമായി സൗദിയില്‍ എത്തി. തുടര്‍ന്ന ഈ ആഴ്ച ഖത്തര്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനിടെ ആഡംബര ജെറ്റ് സമ്മാനമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തര്‍ രാജകുടുംബം സമ്മാനമായി നല്‍കുന്ന എയര്‍ക്രാഫ്റ്റിന് ഏകദേശം 400 മില്ല്യണ്‍ ഡോളര്‍ (40 കോടി ഡോളര്‍) വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)