യമനിലെ ഗ്രാമീണമേഖലയിൽ 3.7 ലക്ഷം പേർക്ക് കുടിവെള്ളമെത്തിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി
ദോഹ: യമനിലെ 11 ഗവർണറേറ്റുകളിലെ 59 ജില്ലകളിലായി 3.7 ലക്ഷത്തിലധികം ആളുകൾക്ക് ശുദ്ധമായ കുടിവെള്ളമെത്തിച്ചതായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി യമൻ ഓഫിസ് മേധാവി എൻജിനീയർ അഹ്മദ് ഹസൻ അൽ ശറാജി പറഞ്ഞു. യമനിലെ അബ് യാൻ ഗവർണറേറ്റിലെ മുദിയ, ലൗദർ പട്ടണങ്ങളിൽ കുഴൽക്കിണറുകളും വാട്ടർ ടാങ്കുകളും നിർമിക്കുന്ന പദ്ധതി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി പൂർത്തിയാക്കി. 23,200 പേർക്ക് ശുദ്ധജലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നാല് ലക്ഷത്തിലധികം ഡോളർ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
നാല് കുഴൽക്കിണറുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പിങ് സംവിധാനങ്ങൾ, നാല് കോൺക്രീറ്റ് വാട്ടർ ടാങ്കുകൾ, കൺട്രോൾ റൂമുകളുടെ നിർമാണം, കുഴൽക്കിണറുകളെയും ടാങ്കുകളെയും ബന്ധിപ്പിക്കുന്ന 3926 മീറ്റർ ജലവിതരണ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.പദ്ധതിയുടെ പൂർത്തീകരണത്തിനുശേഷം ഇവ പ്രദേശത്തെ ജനങ്ങൾക്കും ബന്ധപ്പെട്ട അധികാരികൾക്കും കൈമാറി. ചടങ്ങിൽ സംബന്ധിക്കവേ ലൗദർ ഡയറക്ടർ ജനറൽ ജമാൽ അലാല സന്തോഷം പ്രകടിപ്പിച്ചു. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ പിന്തുണയോടെ ലൗദർ പ്രദേശത്ത് കുടിവെള്ള പദ്ധതിക്ക് തുടക്കമാകുകയാണ്. വേണ്ടത്ര സൗകര്യങ്ങളില്ലാത്ത പ്രദേശത്തെ 10 ഗ്രാമങ്ങളിൽ പദ്ധതിയിലൂടെ സുസ്ഥിരമായ കുടിവെള്ളം ഉറപ്പാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഗുണഭോക്താക്കളായ രണ്ട് പ്രദേശങ്ങളിലും വലിയൊരു വികസന നേട്ടമാണിതെന്ന് മുദിയ ഡയറക്ടർ ജനറൽ അലി ഹർബാജി പറഞ്ഞു. വർഷങ്ങളോളം പ്രദേശത്ത് കുടിവെള്ളത്തിന്റെ ദൗർലഭ്യവും അടിസ്ഥാന സൗകര്യങ്ങളും കാരണം ജനങ്ങൾ ദുരിതത്തിലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അഞ്ച് ഗ്രാമങ്ങളിലായി 3000ത്തിലധികം ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കുമെന്നും വർഷങ്ങളായുള്ള കഷ്ടപ്പാടുകൾക്ക് പദ്ധതിയിലൂടെ അവസാനമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)