Posted By user Posted On

ദുബൈ ഡ്യൂട്ടി ഫ്രീ; വിശ്വസിച്ചയാൾ ചതിച്ചു, വൻ സാമ്പത്തിക ബാധ്യത; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം!

ദുബൈ: ജീവിതം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും നാളെ നല്ലതാകുമെന്ന പ്രതീക്ഷയാണ് ഓരോ മനുഷ്യനെയും മുമ്പോട്ട് നയിക്കുന്നത്. അത്തരമൊരു പ്രതീക്ഷയും അതിനായുള്ള ശ്രമവും ദുബൈയിലൊരു മലയാളിയുടെ ജീവിതം മാറ്റി മറിച്ചിരിക്കുകയാണ്. കാസര്‍കോട് സ്വദേശിയായ വേണുഗോപാല്‍ മുല്ലച്ചേരിയെയാണ് ഭാഗ്യം കടാക്ഷിച്ചത്. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയിയാണ് വേണുഗോപാല്‍, കൈവന്നത് എട്ടര കോടി രൂപ! നിനച്ചിരിക്കാതെ എത്തിയ ഭാഗ്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് വേണുഗോപാൽ. തന്‍റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഒരു അധ്യായത്തിന്‍റെ അവസാനവും പ്രതീക്ഷയും സന്തോഷവും നിറഞ്ഞ പുതിയൊരു ജീവിതത്തിന്‍റെ തുടക്കവുമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞതായി ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘകാലമായി അജ്മാനില്‍ താമസിക്കുന്ന വേണുഗോപാല്‍ ഐടി സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയാണ്.

2008ലാണ് ഇദ്ദേഹം യുഎഇയില്‍ എത്തുന്നത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ 500-ാമത് സീരീസ് നറുക്കെടുപ്പിലെ 500-ാമത്തെ വിജയിയാണ് വേണുഗോപാൽ. സമ്മാനാര്‍ഹമായ 1163 നമ്പര്‍ ടിക്കറ്റ് ഏപ്രില്‍ 23ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലെ അറൈവൽസ് ഷോപ്പില്‍ നിന്നാണ് അദ്ദേഹം വാങ്ങിയത്.  ഇന്ത്യയിലേക്ക് പോയി മടങ്ങിയെത്തുമ്പോഴാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. നാട്ടില്‍ പോയി കുടുംബത്തിനൊപ്പം സമയം ചെലവഴിച്ച് തിരികെ ദുബൈയിലെത്തിയപ്പോഴാണ് വേണുഗോപാല്‍ ടിക്കറ്റ് വാങ്ങിയത്.

നറുക്കെടുപ്പ് ലൈവായി സോഷ്യൽ മീഡിയ വഴി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് വിജയിയായി തന്‍റെ പേര് പ്രഖ്യാപിച്ചതെന്ന് ഇദ്ദേഹം പറയുന്നു. പേര് പ്രഖ്യാപിച്ചത് കേട്ട് ഞെട്ടിപ്പോയെന്നും തന്‍റെ തലയിലും തോളിലും അതുവരെയുണ്ടായിരുന്ന വലിയൊരു ഭാരം നീങ്ങിയ പോലെ അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ സ്തബ്ധനായി പോയെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയാണ് നാട്ടില്‍ താനൊരു വീട് പണിതതെന്നും വളരെയേറെ വിശ്വസിച്ചിരുന്ന ഒരാള്‍ ചതിച്ചതോടെ വലിയ സാമ്പത്തിക ബാധ്യതകള്‍ നേരിട്ടിരുന്ന സമയത്താണ് സമ്മാന വിവരം അറിഞ്ഞതെന്നും വേണുഗോപാല്‍ പറയുന്നു. ഈ വിജയം ശരിക്കും വലിയ ഉപകാരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി യുഎഇയിൽ താമസിക്കുന്ന വേണുഗോപാലിന് രണ്ട് മക്കളാണ് ഉള്ളത്. 18 വയസ്സ് പ്രായമുള്ള മകള്‍ മാംഗ്ലൂരില്‍ നഴ്സിങ് കോളേജില്‍ പ്രവേശനം നേടിയിരിക്കുകയാണ്. 12കാരനായ മകനും ഭാര്യയും കാസര്‍കോടാണ് താമസിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ് വേണുഗോപാല്‍. നാട്ടിലേക്കും തിരിച്ച് യുഎഇയിലേക്കമുള്ള യാത്രക്കിടെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ടിക്കറ്റ് എടുക്കാറുണ്ട്. 

‘വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, എങ്കിലും ശ്രമിച്ചു കൊണ്ടേയിരുന്നു, ഇപ്പോള്‍ ഇത്രയും വര്‍ഷത്തിനിപ്പുറം ഇത് സംഭവിച്ചിരിക്കുന്നു’- വേണുഗോപാല്‍ പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ തുടക്കം മുതലുള്ള  249-ാമത്തെ ഇന്ത്യൻ വിജയിയാണ് വേണുഗോപാല്‍. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെങ്കിലും ആദ്യം കുടുംബത്തോടൊപ്പം ഒരു നീണ്ട അവധിക്കാല യാത്ര നടത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പിന്നെ യുഎഇയിലേക്ക് വന്ന് എന്തെങ്കിലും ബിസിനസ് തുടങ്ങാനും ആഗ്രഹമുണ്ട്. ഈ രാജ്യം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും വേറെ എവിടെങ്കിലും താമസിക്കുന്നത് ചിന്തിക്കാനാവില്ലെന്നും കുടുംബത്തെ കൂടി യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version