20 മണിക്കൂറായി കാത്തിരുന്ന് മുഷിഞ്ഞ് ഹൃദ്രോഗി അടക്കമുള്ള യാത്രക്കാർ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി
ദുബൈ: ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീണ്ടത് മൂലം വലഞ്ഞ് യാത്രക്കാര്‍. ഐഎക്സ് 540 വിമാനമാണ് പല തവണ സമയം മാറ്റിയത്. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. ഇന്നലെ 8.45ന് ദുബൈയിൽ നിന്നും പുറപ്പെടേണ്ടതായിരുന്നു. രണ്ടുതവണ സമയം മാറ്റി ഒടുവിൽ ഇന്ന് വൈകിട്ട് 6.30നാണ് പുറപ്പെടും എന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം വിമാനം വൈകുന്നതിന്റെ കാരണമെന്താണെന്ന് യാത്രക്കാരോട് പറഞ്ഞിട്ടില്ല. യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം ഉൾപ്പടെ നൽകിയിട്ടുണ്ട്. യാത്രക്കായി ഇന്നലെ വൈകിട്ട് മുതല്‍ വിമാനത്താവളത്തിലെത്തിയ ആളുകളാണ് മണിക്കൂറുകളായി ദുരിതം അനുഭവിക്കുന്നത്. ഹൃദ്രോഗി ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് വിമാനം പുറപ്പെടുന്നത് കാത്തിരിക്കുന്നത്. ഇന്നലെ ബോര്‍ഡിങ് കഴിഞ്ഞാണ് വിമാനം ഒരു മണിക്കൂര്‍ വൈകുമെന്ന് അറിയിച്ചത്. ഇതിന് ശേഷം വീണ്ടും സമയം മാറ്റി.
രാത്രി 10.45നായിരിക്കും വിമാനം പുറപ്പെടുകയെന്ന് പിന്നീട് അറിയിച്ചു. യാത്രക്കാര്‍ അക്ഷമരായതോടെ എയര്‍ ഇന്ത്യ അധികൃതര്‍ ചര്‍ച്ച നടത്തുകയും വിമാനം ഇന്ന് വൈകിട്ട് 3 മണിക്ക് ശേഷം പോകുമെന്ന് അറിയിക്കുകയുമായിരുന്നു. യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍ പിന്നീട് വീണ്ടും സമയം മാറ്റുകയായിരുന്നു. വൈകിട്ട് 6.30ന് വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിലായി കിട്ടിയ അറിയിപ്പ്. 20 മണിക്കൂറോളമായി വിമാനം പുറപ്പെടാനായി കാത്തിരിക്കുകയാണ് യാത്രക്കാര്‍. അത്യാവശ്യ വസ്ത്രങ്ങള്‍ പോലും ലഗേജില്‍ പെട്ടു പോയതിനാല്‍ വിമാനം അനിശ്ചിതമായി നീളുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് എയര്‍ലൈനുകള്‍ സര്‍വീസ് നടത്തുമ്പോൾ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രം അനിശ്ചിതമായി വൈകുന്നതില്‍ യാത്രക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)