റമദാനിൽ ലക്ഷങ്ങളുടെ വിശപ്പകറ്റി റെഡ് ക്രസന്റ്
ദോഹ: ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി നേതൃത്വത്തിൽ റമദാനിലുടനീളം നടത്തിയ പദ്ധതികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 രാജ്യങ്ങളിൽ ലക്ഷത്തോളം കുടുംബങ്ങൾ ഗുണഭോക്താക്കളായി. ‘ഫലപ്രദമായ ദാനം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കാമ്പയിൻ പൂർണ വിജയമായിരുന്നുവെന്ന് സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു.
ഖത്തർ റെഡ്ക്രസന്റിന്റെ റമദാൻ ഇഫ്താർ പദ്ധതി പ്രകാരം ഏഴ് ലക്ഷത്തിലധികം പേരിലേക്കാണ് ഭക്ഷ്യ സഹായങ്ങൾ എത്തിച്ചത്. നേരത്തേ ലക്ഷ്യംവെച്ച അഞ്ച് ലക്ഷത്തിനേക്കാൾ 29 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും ഖത്തർ റെഡ്ക്രസന്റ് സെക്രട്ടറി ജനറൽ അറിയിച്ചു. ഭക്ഷണ കിറ്റുകൾ, അവശ്യവസ്തുക്കൾ, കൂപ്പണുകൾ എന്നിവ വിതരണം ചെയ്യുക വഴി 16 രാജ്യങ്ങളിലെ ഒന്നര ലക്ഷത്തിലധികം കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെയും സർക്കാർ സംഘടനകളുടെയും ബിസിനസുകളുടെയും അസാധാരണമായ പിന്തുണയിലൂടെയാണ് ഈ നേട്ടങ്ങൾ കൈവരിക്കാനായതെന്നും, റമദാനിലും വർഷം മുഴുവനും മാനുഷിക, വികസന പദ്ധതികൾക്ക് അകമഴിഞ്ഞ് സഹായിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ ഗസ്സ, സിറിയ, യമൻ, സുഡാൻ, നൈജർ, സോമാലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, മൗറിത്താനിയ എന്നിവിടങ്ങളിലെ അഞ്ച് ലക്ഷത്തിലധികം വരുന്ന ആളുകൾക്കായി 30 ദശലക്ഷത്തിലധികം റിയാൽ ചെലവിൽ നിരവധി മാനുഷിക പരിപാടികൾ നടപ്പാക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)