
ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾക്കൊപ്പം ഹെർബൽ ഉൽപന്നങ്ങളും ശരീരഭാരം കുറയ്ക്കാനും കായികക്ഷമത വർധിപ്പിക്കാനുമുള്ള സപ്ലിമെന്റുകളും സ്വയം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാമെന്ന് യുഎഇ അധികൃതരുടെ മുന്നറിയിപ്പ്. യുഎഇ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റാണ് ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയത്.
മരുന്നുകളുടെ പ്രവർത്തനത്തെ ഇത്തരം ഉൽപന്നങ്ങൾ ബാധിച്ചേക്കാം. ചില സാഹചര്യങ്ങളിൽ മരുന്നുകളുടെ ഫലപ്രാപ്തി കുറയുകയോ പാർശ്വഫലങ്ങൾ കൂടുതൽ രൂക്ഷമാകുകയോ ചെയ്യാനും സാധ്യതയുണ്ട്. അതിനാൽ ഏതെങ്കിലും ഹെർബൽ ഉൽപന്നമോ സപ്ലിമെന്റോ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ ഉപദേശം തേടണമെന്ന് അധികൃതർ നിർദേശിച്ചു.
ഉദാഹരണത്തിന്, ജിങ്കോ സപ്ലിമെന്റുകൾ രക്തം കട്ടപിടിക്കുന്നത് തടയുന്ന ചില മരുന്നുകൾക്കൊപ്പം ഉപയോഗിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കാം. അതേസമയം, സെന്റ് ജോൺസ് വോർട്ട് അടങ്ങിയ ഉൽപന്നങ്ങൾ ചില മരുന്നുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യാം.
ശരീരഭാരം കുറയ്ക്കുന്നതിനും കായികക്ഷമത വർധിപ്പിക്കുന്നതിനുമായി വിപണിയിലെത്തുന്ന ചില സപ്ലിമെന്റുകളിൽ ലേബലിൽ വ്യക്തമാക്കാത്ത ഔഷധഘടകങ്ങൾ പോലും അടങ്ങിയിരിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
‘നാചുറൽ’, ‘ഹെർബൽ’ തുടങ്ങിയ പേരുകളിൽ വിൽക്കുന്ന ഉൽപന്നങ്ങൾ സുരക്ഷിതമാണെന്ന് മാത്രം കരുതി ഉപയോഗിക്കരുത്. അവയിലെ ചേരുവകൾ, ശരിയായ ഉപയോഗരീതി, മറ്റ് മരുന്നുകളുമായുള്ള പ്രതിപ്രവർത്തന സാധ്യത എന്നിവ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
വിറ്റാമിനുകൾ, പ്രോട്ടീൻ പൗഡറുകൾ, ഹെർബൽ ഉൽപന്നങ്ങൾ, കായികക്ഷമത വർധിപ്പിക്കുന്ന സപ്ലിമെന്റുകൾ തുടങ്ങി സ്ഥിരമായി ഉപയോഗിക്കുന്ന എല്ലാ ഉൽപന്നങ്ങളുടെയും വിവരങ്ങൾ ചികിത്സിക്കുന്ന ഡോക്ടറോടും ഫാർമസിസ്റ്റിനോടും പങ്കുവയ്ക്കണമെന്നും അധികൃതർ നിർദേശിച്ചു.