
ശൈത്യകാല വിനോദയാത്രകൾക്ക് പദ്ധതിയിടുന്നവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകാർ; ആകർഷകമായ ഓഫറുകളിൽ വീഴരുതെന്ന് അബൂദബി പൊലിസ്. യുഎഇയിൽ ശൈത്യകാലം ആരംഭിച്ചതോടെ ക്യാമ്പിംഗിനും ഔട്ട്ഡോർ വിനോദങ്ങൾക്കുമായി ആളുകൾ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് മോട്ടോർ സൈക്കിൾ വാടകയ്ക്ക് നൽകാമെന്നും വിൽക്കാമെന്നും റിസോർട്ടുകളിലും ക്യാമ്പ് സൈറ്റുകളിലും കുറഞ്ഞ നിരക്കിൽ താമസസൗകര്യം ഒരുക്കാമെന്നും വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ രംഗത്തെത്തിയതായി പൊലിസ് അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെയും വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. സാധാരണ നിരക്കിനേക്കാൾ വളരെ കുറഞ്ഞ വിലയും പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ബുക്കിങ് ഉറപ്പാക്കാനെന്ന പേരിൽ മുൻകൂറായി പണം ആവശ്യപ്പെടുകയും ചെയ്യും. വിശ്വസനീയമായ ബുക്കിങ് വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ ലിങ്കുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നതും തട്ടിപ്പിന്റെ ഭാഗമാണ്. ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്താൻ സാധ്യതയുണ്ടെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. പണം കൈപ്പറ്റിയശേഷം ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടച്ച് തട്ടിപ്പുകാർ അപ്രത്യക്ഷരാകുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ബുക്കിങ് പരസ്യങ്ങളുടെയും പേയ്‌മെന്റ് ലിങ്കുകളുടെയും വിശ്വാസ്യത ഉറപ്പാക്കിയശേഷം മാത്രം പണമടയ്ക്കുക.
- അംഗീകൃത ലൈസൻസുള്ള സ്ഥാപനങ്ങളുടെയും സേവനദാതാക്കളുടെയും സേവനം മാത്രം ഉപയോഗിക്കുക.
- സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അപരിചിതരുടെ അക്കൗണ്ടുകളിലേക്ക് പണം അയക്കുകയോ ചെയ്യരുത്.
- ഒ.ടി.പി, വെരിഫിക്കേഷൻ കോഡുകൾ, ബാങ്ക് കാർഡ് വിവരങ്ങൾ എന്നിവ മറ്റാരുമായും പങ്കുവെക്കരുത്.
വ്യാജ പരസ്യങ്ങളോ ഓൺലൈൻ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ അബൂദബി പൊലിസിന്റെ ‘അമാൻ’ സേവനത്തിലൂടെ വിവരം അറിയിക്കാം. 8002626 എന്ന ടോൾ ഫ്രീ നമ്പറിലോ 2828 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചോ പരാതികൾ നൽകാം. ശൈത്യകാല വിനോദയാത്രകൾ ആസൂത്രണം ചെയ്യുന്നവർ കുറഞ്ഞ നിരക്കിലുള്ള ഓഫറുകൾ കണ്ട് പണം നഷ്ടപ്പെടുത്താതിരിക്കാൻ ജാഗ്രത പാലിക്കണമെന്നാണ് പൊലിസിന്റെ നിർദേശം.