
യുഎഇയുടെ 55-ാമത് ദേശീയദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദ്’ പ്രമാണിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ഡിസംബർ 2 ബുധൻ, 3 വ്യാഴം ദിവസങ്ങളിലായിരിക്കും അവധി. യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അവധി വാരാന്ത്യവുമായി ചേർത്ത് നീണ്ട ബ്രേക്ക് ആക്കാനും അവസരമുണ്ട്. ഡിസംബർ 4 വെള്ളിയാഴ്ച വാർഷിക അവധി എടുത്താൽ, ശനി–ഞായർ വാരാന്ത്യവും കൂടി ചേർന്ന് ഡിസംബർ 2 മുതൽ 6 വരെ തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും. എന്നാൽ അധിക അവധി എടുക്കുന്നതിന് സ്ഥാപനത്തിന്റെ അനുമതി ആവശ്യമാണ്.
അതേസമയം, പൊതുമേഖലാ ജീവനക്കാർക്ക് ഡിസംബർ 2 മുതൽ 4 വരെ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ ഇത്തവണ ‘കുടുംബ വർഷം’ എന്ന ആശയത്തിനും പ്രാധാന്യം നൽകിയാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച കുടുംബങ്ങളെയും സമൂഹങ്ങളെയും മുൻനിർത്തിയാകും ആഘോഷങ്ങൾ.