
ചെറിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെയും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും ഉപയോഗപ്പെടുത്തി നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് ദുബായിൽ പിടിയിലായി. ആളുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വോളറ്റുകളും തുറപ്പിച്ച് അവ തട്ടിപ്പിനായി ഉപയോഗിച്ച സംഘത്തെയാണ് ദുബായ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
സാമ്പത്തികമായി പ്രയാസം നേരിടുന്നവരെയും ജോലി തേടുന്നവരെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. നിശ്ചിത തുക പ്രതിഫലമായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വോളറ്റുകളും തുറപ്പിക്കും. തുടർന്ന് അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങളും പാസ്വേഡുകളും കൈക്കലാക്കി പൂർണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിനും മറ്റ് സാമ്പത്തിക ഇടപാടുകൾക്കുമായി ഈ അക്കൗണ്ടുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. ഇതോടെ തട്ടിപ്പിന്റെ യഥാർഥ ഉറവിടം മറച്ചുവയ്ക്കാനും അന്വേഷണങ്ങളെ വഴിതിരിച്ചുവിടാനും ശ്രമിച്ചു.
മറ്റൊരാൾക്ക് വേണ്ടി സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകളോ സിം കാർഡുകളോ എടുത്തുനൽകുന്നതും അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറുന്നതും ഗുരുതരമായ നിയമലംഘനമാണെന്ന് ദുബായ് അധികൃതർ മുന്നറിയിപ്പ് നൽകി. ചെറിയ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഇത്തരം ഇടപാടുകളിൽ ഏർപ്പെടുന്നത് പിന്നീട് വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കി.