
സൗദി അറേബ്യയിൽ നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം നീണ്ടകര സ്വദേശി നന്ദു ദിനേശിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ചവറ പൊലീസ് പിടികൂടിയത്. നീണ്ടകര സ്വദേശിനിയായ അഞ്ജുവാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിൽ പരാതി നൽകിയത്. സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞുവെന്ന് പറഞ്ഞും ഭർത്താവ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ജൂലൈ 27നായിരുന്നു ഇരുവരുടെയും വിവാഹം. സെപ്റ്റംബർ നാലിന് അഞ്ജുവിനെ ഭർത്താവ് സൗദിയിലേക്ക് കൊണ്ടുപോയി. അവിടെ ഫ്ലാറ്റിൽ പൂട്ടിയിട്ട ശേഷം കുക്കർ, ഇടിക്കല്ല്, ചൂൽ, മോപ്, ബെൽറ്റ്, ലാപ്ടോപ് ചാർജർ തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് മർദിച്ചെന്നാണ് യുവതി നൽകിയ മൊഴി.
മർദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ അഞ്ജുവിനെ സെപ്റ്റംബർ 30ന് നാട്ടിലേക്ക് തിരിച്ചയച്ചു. ശരീരമാസകലം മർദനത്തിന്റെ പാടുകളും മുറിവുകളുമായി എത്തിയ യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. പൊലീസിന് മൊഴി നൽകിയതിന് പിന്നാലെ മജിസ്ട്രേറ്റിന് മുന്നിലും യുവതി മൊഴി രേഖപ്പെടുത്തി.
സംഭവത്തിൽ നന്ദുവിനും മാതാപിതാക്കൾക്കുമെതിരെ നേരത്തെ ഗാർഹികപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. വിദേശത്തായിരുന്ന നന്ദുവിനെ പിടികൂടുന്നതിനായി പൊലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയ നന്ദുവിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചവറ പൊലീസ് കസ്റ്റഡിയിലെടുത്തത്.