ദുബായ് വിമാനത്താവളത്തിലെ നീണ്ട ക്യൂവിന് ഇനി വിട! യാത്രക്കാരെ തേടി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എത്തും; വെറും 15 സെക്കൻഡിൽ നടപടികൾ പൂർത്തിയാക്കാം

ദുബായ് വിമാനത്താവളത്തിലെ യാത്രാ നടപടികൾക്ക് വേഗം കൂട്ടി പുതിയ സാങ്കേതിക സംവിധാനം. ഇനി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ട സാഹചര്യം കുറയും. യാത്രക്കാരുടെ അടുത്തേക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തി മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് നടപടികൾ പൂർത്തിയാക്കുന്ന ‘ക്ലിക്ക് ആൻഡ് ട്രാവൽ’ (Click & Travel) സംവിധാനമാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അവതരിപ്പിച്ചത്. ബയോമെട്രിക് പരിശോധനയും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ വെറും 12 മുതൽ 15 സെക്കൻഡിനുള്ളിൽ യാത്രക്കാരുടെ പ്രവേശന, പുറപ്പെടൽ നടപടികൾ പൂർത്തിയാക്കാനാകും. വിമാനത്താവളത്തിലെ നിശ്ചിത കൗണ്ടറുകളെ ആശ്രയിക്കാതെ ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ സമീപത്തെത്തി നടപടികൾ പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത. തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും യാത്രക്കാരുടെ നീക്കം സുഗമമാക്കാൻ ഇത് സഹായിക്കും.

പരീക്ഷണഘട്ടത്തിൽ മാത്രം 31,373 ഇടപാടുകൾ ഈ സംവിധാനത്തിലൂടെ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുബായിൽനിന്ന് പുറപ്പെടുന്ന യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഈ സേവനം ലഭ്യമാണ്. എത്തിച്ചേരുന്ന യാത്രക്കാരിൽ ആദ്യഘട്ടത്തിൽ യുഎഇ പൗരന്മാർക്കും താമസക്കാർക്കുമാണ് സേവനം ലഭിക്കുക. കുട്ടികൾക്കും പ്രത്യേക പരിഗണന ആവശ്യമുള്ള യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കാനും പുതിയ സംവിധാനം സഹായിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy