
കുവൈത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ സാങ്കേതിക മികവിലേക്ക്. എമർജൻസി പൊലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തിഗത ബോഡി ക്യാമറകൾ (Body Cam) നൽകാൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ നേരിടുന്ന സംഭവങ്ങളും പൊതുജനങ്ങളുമായുള്ള ഇടപെടലുകളും ശബ്ദത്തിലും ദൃശ്യത്തിലും പകർത്തുകയാണ് ലക്ഷ്യം. സുതാര്യത ഉറപ്പാക്കാനും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും പുതിയ സംവിധാനം സഹായിക്കും.
ഇതിനൊപ്പം പൊലീസ് പ്രവർത്തനങ്ങൾ കടലാസ് രഹിത ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനും നീക്കമുണ്ട്. കൺട്രോൾ റൂം, പട്രോളിങ് വാഹനങ്ങൾ, പരാതികൾ സ്വീകരിക്കുന്ന സംവിധാനം എന്നിവ തത്സമയം ബന്ധിപ്പിക്കുന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ വേഗത്തിൽ ഇടപെടാനാകും.