
യുഎഇയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിന്റെ നീക്കം സുരക്ഷാ ഏജൻസികൾ തകർത്തു. രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ ഉൾപ്പെടെ 30 കിലോയിലധികം വിവിധയിനം നിരോധിത മയക്കുമരുന്നുകളാണ് സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത്. ഗൾഫ്, അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 20 പേരെയും അറസ്റ്റ് ചെയ്തു. യുഎഇ നാഷനൽ ആന്റി നാർക്കോട്ടിക്സ് ഏജൻസി, റാസൽഖൈമ പൊലീസ്, ഇറാഖിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്, ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുടെ ഏകോപനത്തിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്. യുഎഇയിലേക്ക് റാസൽഖൈമയിലെ അതിർത്തി മേഖലകൾ വഴി മയക്കുമരുന്ന് എത്തിക്കാൻ സംഘം പദ്ധതിയിടുന്നതായി യുഎഇയും ഇറാഖും തമ്മിൽ കൈമാറിയ രഹസ്യാന്വേഷണ വിവരങ്ങളിൽനിന്നാണ് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ പ്രത്യേക പദ്ധതി തയ്യാറാക്കി പരിശോധന ശക്തമാക്കുകയായിരുന്നു.
പിടിച്ചെടുത്തത് മാരക ലഹരിവസ്തുക്കൾ
കാപ്റ്റഗൺ ഗുളികകൾക്ക് പുറമെ കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്താംഫെറ്റമൈൻ, മരിജുവാന, ഹാഷിഷ്, സ്പൈസ് തുടങ്ങിയ നിരോധിത ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ അതിർത്തി കടത്തി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് കണ്ടെത്തൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ നടത്തിയ നീക്കത്തിൽ മയക്കുമരുന്നുമായി എത്തിയ ചിലരെ ആദ്യം പിടികൂടി. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലൂടെയാണ് മറ്റ് പ്രതികളെയും കസ്റ്റഡിയിലെടുത്തത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്ക് ഈ നടപടി വലിയ തിരിച്ചടിയായെന്ന് നാഷനൽ ആന്റി നാർക്കോട്ടിക്സ് ഏജൻസി അറിയിച്ചു. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയാനും ഇത്തരം സംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുമുള്ള നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t