ആത്മഹത്യയുമല്ല, അപകടവുമല്ല, കൊലപാതകം! ഞെട്ടിക്കുന്ന രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിച്ച് ദുബായ് പൊലീസ്

ആത്മഹത്യയെന്നും അപകടമെന്നും തോന്നിപ്പിച്ച സംഭവങ്ങൾക്ക് പിന്നിലെ യഥാർഥ സത്യം പുറത്തുകൊണ്ടുവന്ന് ദുബായ് പൊലീസ്. ഫോറൻസിക് എൻജിനീയറിങ് വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധനകളിലൂടെയാണ് രണ്ട് കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ നിർണായക തെളിവുകൾ കണ്ടെത്തിയത്. മരുഭൂമിയിൽ നിന്ന് ജീർണിച്ച നിലയിൽ കണ്ടെത്തിയ തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെ തലയോട്ടിയിൽ നടത്തിയ ത്രീഡി സ്കാനിങ്, ജനറ്റിക്സ്, ഡിഎൻഎ പരിശോധനകൾ അന്വേഷണത്തിൽ വഴിത്തിരിവായി. തലയോട്ടിയുടെ അടിസ്ഥാനത്തിൽ മുഖത്തിന്റെ ഏകദേശ രൂപം പുനർനിർമിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. ഇതുവഴി മരിച്ചയാളെ തിരിച്ചറിയാനും പിന്നീട് കൊലയാളിയെ കണ്ടെത്താനും പൊലീസിന് സാധിച്ചു.

മറ്റൊരു കേസിൽ ഏഷ്യൻ സ്വദേശിയെ താമസസ്ഥലത്തെ ഷവർ കർട്ടൻ റെയിലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്ന് തോന്നിച്ചെങ്കിലും ഫോറൻസിക് പരിശോധനയിൽ സംശയങ്ങൾ ഉയർന്നു. റെയിലിന്റെയും ബെൽറ്റിന്റെയും ഭാരശേഷി പരിശോധിച്ചപ്പോൾ റെയിൽ ഏകദേശം 90 കിലോഗ്രാം ഭാരത്തിൽ തകരുമെന്നും ബെൽറ്റിന് 70 കിലോഗ്രാമിൽ കൂടുതൽ ഭാരം താങ്ങാനാകില്ലെന്നും കണ്ടെത്തി. ഇതോടെ സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകം ആത്മഹത്യയായി മാറ്റാൻ ശ്രമിച്ചതാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെയും കണ്ടെത്തി.

മറ്റൊരു കേസിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവും വാഹനവും കത്തിച്ച് സംഭവം അപകടമായി ചിത്രീകരിക്കാൻ ഭാര്യയും കാമുകനും ശ്രമിച്ചു. എന്നാൽ വാഹനത്തിനടിയിൽ കണ്ടെത്തിയ പെട്രോളിയം ഉൽപന്നങ്ങളുടെ അവശിഷ്ടങ്ങളാണ് കേസിൽ നിർണായക തെളിവായത്. രാസപരിശോധനയും ഡിഎൻഎ പരിശോധനയും ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളിലൂടെ തീ മനഃപൂർവം കൊളുത്തിയതാണെന്ന് തെളിഞ്ഞു. തുടർന്ന് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചു.

കെട്ടിടങ്ങൾ, വാഹനങ്ങൾ, വൈദ്യുത-മെക്കാനിക്കൽ സംവിധാനങ്ങൾ, തീപിടിത്തങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നതിനായി 23 അംഗീകൃത പരിശോധനാ പ്രോട്ടോക്കോളുകളാണ് ദുബായ് പൊലീസിന്റെ ഫോറൻസിക് എൻജിനീയറിങ് വിഭാഗം ഉപയോഗിക്കുന്നത്. ഡിജിറ്റൽ ട്വിൻ സംവിധാനങ്ങളും ത്രീഡി സാങ്കേതികവിദ്യയും ഉപയോഗിച്ച് സ്ഫോടനങ്ങൾ, വാഹനാപകടങ്ങൾ, ഉയരത്തിൽനിന്നുള്ള വീഴ്ചകൾ തുടങ്ങിയ സംഭവങ്ങൾ പുനർനിർമിച്ചും അന്വേഷണം നടത്തുന്നു.

കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനൊപ്പം അപകടങ്ങൾക്ക് കാരണമാകുന്ന സാങ്കേതിക തകരാറുകൾ കണ്ടെത്തി അവ ആവർത്തിക്കാതിരിക്കാനുള്ള നടപടികളിലും ഫോറൻസിക് എൻജിനീയറിങ് വിഭാഗം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy