
metal detectorist strikes gold; മെറ്റൽ ഡിറ്റക്ടറുമായി സ്വർണം തേടിയിറങ്ങിയ അമച്വർ ഗവേഷകന് ഓസ്ട്രേലിയയിൽ അപ്രതീക്ഷിത ഭാഗ്യം. ന്യൂ സൗത്ത് വെയിൽസിലെ മണ്ണിൽ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചത് 1.2 കിലോഗ്രാം ഭാരമുള്ള കൂറ്റൻ സ്വർണക്കട്ട. വിപണിയിൽ ഇതിന് 1.5 ലക്ഷം മുതൽ 1.6 ലക്ഷം ഡോളർ വരെ (ഇന്ത്യൻ രൂപയിൽ ഏകദേശം 1.3 കോടിയിലധികം) മൂല്യം കണക്കാക്കുന്നു. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ടിബൂബുറയ്ക്കു സമീപം മൗണ്ട് സ്റ്റുവർട്ട് സ്റ്റേഷനിലായിരുന്നു ഈ അപൂർവ കണ്ടെത്തൽ. ദിവസങ്ങളോളം മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടങ്ങളിൽ കാര്യമായ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ, ചുവന്ന മണ്ണിൽ മെറ്റൽ ഡിറ്റക്ടർ നൽകിയ ഒരു സിഗ്നൽ പിന്തുടർന്ന് കുഴിച്ചതോടെയാണ് അവിശ്വസനീയമായ ആ കാഴ്ച കണ്ടത്. കുഴിയുടെ നടുവിൽ കണ്ട ചെറിയൊരു മഞ്ഞപ്പൊട്ട് ശ്രദ്ധയിൽപ്പെട്ട് കൂടുതൽ മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഒരു കിലോഗ്രാമിലധികം ഭാരമുള്ള വലിയ സ്വർണക്കട്ട വെളിപ്പെട്ടത്. ക്വാർട്സ് ധാതുവിന്റെ അംശങ്ങളടങ്ങിയ ഇതിന് ‘ടിബൂബുറ സ്പഡ്’ (Tibooburra Spud) എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിൽ 940 ഗ്രാം തനി സ്വർണമാണെന്ന് വിദഗ്ദ്ധ പരിശോധനയിൽ തെളിഞ്ഞു.
മുൻപൊക്കെ തിരച്ചിൽ നടത്തിയ സമയത്ത് തുരുമ്പിച്ച ആണികളും പഴയ വെടിയുണ്ടകളും കുതിരലാടങ്ങളുമൊക്കെയാണ് സാധാരണയായി ലഭിച്ചിരുന്നതെന്നും, ഇത്തവണ ലഭിച്ച ഈ ഭാഗ്യം തന്റെ തലവര തന്നെ മാറ്റിക്കുറിച്ചെന്നും കണ്ടെത്തിയ യുവാവ് പറഞ്ഞു. ഈ സ്വർണക്കട്ട വിൽക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. കണ്ടെത്തലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ഒരു കിലോഗ്രാമിലധികം ഭാരമുള്ള പ്രകൃതിദത്ത സ്വർണക്കട്ടകൾ കണ്ടെത്തുന്നത് ആഗോളതലത്തിൽ തന്നെ വളരെ അപൂർവമാണ്. ലോകത്തെ മുൻനിര സ്വർണ ഉൽപാദക രാജ്യങ്ങളിലൊന്നായ ഓസ്ട്രേലിയയിൽ 1850-കളിലെ ഗോൾഡ് റഷ് (സ്വർണവേട്ട) കാലഘട്ടം മുതലേ സ്വർണം തേടിയുള്ള ഇത്തരം യാത്രകൾ ജനപ്രിയമാണ്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ കൽഗുർലിയിലെ ‘സൂപ്പർ പിറ്റ്’ ഖനി, പിൽബറ, ഗോൾഡ്ഫീൽഡ്സ് തുടങ്ങിയ മേഖലകൾ ലോകപ്രശസ്തമായ സ്വർണനിക്ഷേപ കേന്ദ്രങ്ങളാണ്. ഈ ചരിത്രഭൂമിയിൽ നിന്നാണ് അമച്വർ സ്വർണവേട്ടക്കാരനെ കോടീശ്വരനാക്കിയ പുതിയ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.