
Indian airport baggage rules; വിദേശത്തുനിന്ന് പുത്തൻ മൊബൈൽ ഫോണുകൾ വാങ്ങി നാട്ടിലേക്ക് വരുന്ന പ്രവാസികൾക്കും യാത്രക്കാർക്കും കർശന മുന്നറിയിപ്പുമായി കസ്റ്റംസ്. വിദേശത്തുനിന്ന് വാങ്ങിയ പുതിയ ഫോണിന്റെ പാക്കിങ് ബോക്സ് ഒഴിവാക്കി, പോക്കറ്റിലിട്ട് ‘സ്വന്തമായി ഉപയോഗിക്കുന്നതാണെന്ന്’ പറഞ്ഞാലും ഇനി കാര്യമില്ല. ഇത്തരം രീതികൾ വഴി നികുതി വെട്ടിക്കാൻ ശ്രമിച്ചാൽ നിയമപ്രകാരമുള്ള കസ്റ്റംസ് തീരുവ (Customs Duty) ഈടാക്കുമെന്നും കസ്റ്റംസ് പരിശോധനകൾ കർശനമാക്കിയതായും അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീരുവ അടയ്ക്കാത്തതിനെത്തുടർന്ന് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പുത്തൻ ഐഫോൺ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അബുദാബിയിൽനിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി അജാസിന്റെ പക്കൽനിന്നാണ് രണ്ട് ഐഫോണുകൾ കണ്ടെത്തിയത്. ഇതിൽ ഒന്ന് സ്ഥിരമായി ഉപയോഗിക്കുന്നതായിരുന്നുവെങ്കിലും, രണ്ടാമത്തേത് കവർ ഒഴിവാക്കിയ നിലയിലുള്ള പുതിയ ഐഫോൺ 18 പ്രോ മാക്സ് ആയിരുന്നു. ഫോണിൽ സിം കാർഡ് ഇല്ലാതിരുന്നതും ഇത് സ്ഥിരമായി ഉപയോഗിക്കുന്നതല്ലെന്ന് പരിശോധനയിൽ വ്യക്തമായതുമാണ് നടപടിക്ക് കാരണമായത്. തുടർന്ന് നികുതി അടയ്ക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ അതിന് തയാറായില്ല. വിമാനത്താവളത്തിൽ തർക്കമുണ്ടായതിനെ തുടർന്ന് സി.ഐ.എസ്.എഫ് ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തു.
ബാഗേജ് നിയമം വ്യക്തമാക്കുന്നത് എന്താണ്?
വിദേശത്ത് നിന്ന് സാധനങ്ങൾ കൊണ്ടുവരുമ്പോൾ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.
- വ്യക്തിഗത വസ്തുക്കൾ: യാത്രയ്ക്കിടയിലോ ദൈനംദിന ജീവിതത്തിലോ ഉപയോഗിക്കാൻ അത്യാവശ്യമായ പുതിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കളാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ ഇവ യഥാർഥത്തിൽ വ്യക്തിഗത ആവശ്യത്തിനുള്ളതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടണം.
- ഉപയോഗിച്ച സാധനങ്ങൾ: ദൈനംദിന ആവശ്യങ്ങൾക്ക് പതിവായി ഉപയോഗിക്കുന്ന സ്വന്തം വസ്തുക്കൾ പരിധിയില്ലാതെ നികുതിരഹിതമായി കൊണ്ടുവരാം.
- നികുതിയിളവ് പരിധി: യാത്രക്കാർ കൊണ്ടുവരുന്ന പുതിയ വസ്തുക്കൾക്ക് 75,000 രൂപ വരെ നികുതിയിളവുണ്ട്. എന്നാൽ ഈ പരിധിക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നിയമപ്രകാരമുള്ള കസ്റ്റംസ് തീരുവ നൽകണം.
- ഒന്നിൽക്കൂടുതൽ ഫോണുകൾ: കൈവശം ഒന്നിൽക്കൂടുതൽ ഫോണുകൾ ഉണ്ടെങ്കിൽ, അത് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് അവകാശപ്പെട്ടാലും അധികമുള്ള ഫോണിന് 35 ശതമാനം നികുതി അടയ്ക്കേണ്ടിവരും.
- ലാപ്ടോപ്പുകൾ: സ്വകാര്യ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന ലാപ്ടോപ്പുകൾക്കും സമാനമായ നിയന്ത്രണങ്ങൾ ബാധകമാണ്.
- എൽ.ഇ.ഡി ടിവികൾ: എൽ.ഇ.ഡി (LED) ടിവികൾ പുതിയതാണെങ്കിലും ഉപയോഗിച്ചതാണെങ്കിലും, അവയുടെ വലിപ്പവ്യത്യാസമില്ലാതെ നിർബന്ധമായും കസ്റ്റംസ് നികുതി അടയ്ക്കണം.
വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുന്നതിനാൽ, പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുമ്പോൾ കൃത്യമായ രേഖകൾ കരുതാനും നികുതി അടയ്ക്കാനും യാത്രക്കാർ ശ്രദ്ധിക്കണം.