യുഎഇയിലെ പുതിയ നിയമം അറിഞ്ഞോ?; തെറ്റിച്ചാൽ വൻതുക പിഴ
അബുദാബി: ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള വില പ്രദർശിപ്പിക്കുമ്പോൾ 5% മൂല്യവർധിത നികുതി (വാറ്റ്) ഉൾപ്പെടെയുള്ള നിരക്ക് മാത്രമേ കാണിക്കാവൂ എന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) കർശന നിർദ്ദേശം നൽകി. പ്രദർശിപ്പിച്ച വിലയേക്കാൾ കൂടുതൽ തുക ബില്ലിൽ ഈടാക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.ക്രയവിക്രയങ്ങൾ സുതാര്യമാക്കാനും ജനങ്ങളെ കബളിപ്പിക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ് എഫ്.ടി.എ നടപടി കർശനമാക്കിയത്.
ഉപഭോക്താക്കളെ ആകർഷിക്കാനായി ചില സ്ഥാപനങ്ങൾ വാറ്റ് ചേർക്കാത്ത കുറഞ്ഞ നിരക്ക് പരസ്യങ്ങളിലും വിലവിവരപ്പട്ടികയിലും പ്രദർശിപ്പിക്കുകയും, കാഷ് കൗണ്ടറിൽ വെച്ച് വാറ്റ് തുക ചേർത്ത് അധിക നിരക്ക് ഈടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എഫ്.ടി.എ വിശദീകരണം നൽകിയത്.
നിയമലംഘനം: പരസ്യത്തിലോ ടാഗിലോ മെനുവിലോ കാണിച്ച നിരക്ക് മാത്രമേ ഉപഭോക്താവിൽ നിന്ന് ഈടാക്കാവൂ. വാറ്റ് ഉൾപ്പെടുത്താത്ത വില വിവര പട്ടിക പ്രദർശിപ്പിക്കുന്നത് യുഎഇയുടെ നികുതി നിയമങ്ങളുടെ ലംഘനമാണ്.
പിഴ: എഫ്.ടി.എ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5,000 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ രീതി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും എഫ്.ടി.എ സൂചിപ്പിച്ചു.
യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് നിയമവിധേയമായി അടച്ച വാറ്റ് തുക വീണ്ടെടുക്കാൻ അവസരമുണ്ട്. ഇതിനായി വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ടെർമിനലിലുള്ള പ്രത്യേക കൗണ്ടറിൽ രേഖകളും അക്കൗണ്ട് നമ്പറും നൽകി അപേക്ഷിക്കാം.5 പ്രവൃത്തി ദിവസങ്ങൾക്കകം പണം അക്കൗണ്ടിൽ എത്തും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800 82923 എന്ന നമ്പറിലോ tax.gov.ae എന്ന വെബ്സൈറ്റിലോ പരാതിപ്പെടാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
35,000 അടി ഉയരത്തിലെ ഹീറോസ്: ആദ്യ വിദേശ യാത്രയിൽ യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച് മാതൃകയായി യുഎഇയിലെ പ്രവാസി മലയാളി നേഴ്സുമാർ
അബുദാബി: പുതിയ ജീവിതം തുടങ്ങാൻ യു.എ.ഇയിലേക്ക് പുറപ്പെട്ട രണ്ട് യുവ മലയാളി നഴ്സുമാർക്ക് അവരുടെ ആദ്യ അന്താരാഷ്ട്ര വിമാന യാത്രയിൽ തന്നെ ഹീറോകളായി. ആകാശത്ത് 35,000 അടി ഉയരത്തിൽ വെച്ച് ഹൃദയാഘാതം വന്ന സഹയാത്രികൻ്റെ ജീവനാണ് കോഴിക്കോട് സ്വദേശി അഭിജിത്ത് ജീസും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസണും ചേർന്ന് രക്ഷിച്ചത്.
ഒക്ടോബർ 13 ന് പുലർച്ചെ 5.30-ന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം. യാത്രക്കാർ ഉറക്കത്തിലായിരുന്ന സമയത്ത്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന ഒരാളുടെ നേരിയ ശബ്ദം അഭിജിത്ത് കേട്ടു.
“ശ്വാസംമുട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ഒരാൾ സീറ്റിൽ തളർന്ന് കിടക്കുന്നതാണ് കണ്ടത്. പൾസ് പരിശോധിച്ചു, ഇല്ല. അതോടെ ഹൃദയാഘാതമാണെന്ന് മനസ്സിലായി,” അഭിജിത്ത് ഓർത്തെടുത്തു.
സമയം ഒട്ടും കളയാതെ അഭിജിത്ത് സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റ് വിമാനത്തിൻ്റെ ഇടനാഴിയിൽ വെച്ച് തന്നെ സി.പി.ആർ (CPR) നൽകാൻ തുടങ്ങി. ബഹളം കേട്ട് ഏതാനും വരികൾക്കപ്പുറം സീറ്റിലിരുന്ന അജീഷും സഹായത്തിന് എത്തി.
“ഒട്ടും പരിഭ്രമമുണ്ടായില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അഭിജിത്ത് നെഞ്ചിൽ അമർത്താൻ തുടങ്ങി, ഞാൻ പിന്തുണ നൽകി. ശാന്തമായി ഞങ്ങളാൽ കഴിയുന്നത് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം,” അജീഷ് പറഞ്ഞു.
ഇരുവരും മാറിമാറി സി.പി.ആർ നൽകി. വിമാനത്തിൻ്റെ ഇടുങ്ങിയ ഇടനാഴി ഒരു അടിയന്തര ചികിത്സാ വാർഡിന് തുല്യമായി മാറി. രണ്ട് തവണ തീവ്രമായ സി.പി.ആർ നൽകിയതിന് ശേഷം, രോഗിക്ക് നേരിയ ചലനം ഉണ്ടായി, പൾസ് തിരികെ വന്നു, അദ്ദേഹം വീണ്ടും ശ്വാസമെടുക്കാൻ തുടങ്ങി.
“അദ്ദേഹത്തിന്റെ മാറ്റം കണ്ടപ്പോൾ വലിയ ആശ്വാസം തോന്നി. എന്തുകൊണ്ടാണ് ഞങ്ങൾ ഈ തൊഴിൽ തിരഞ്ഞെടുത്തതെന്ന് ആ നിമിഷം ഓർമ്മിപ്പിച്ചു. നമ്മൾ എവിടെയായിരുന്നാലും ആ ഉത്തരവാദിത്തം നമ്മളോടൊപ്പം ഉണ്ടാകും,” അഭിജിത്ത് പറഞ്ഞു.
യാത്രക്കാരിൽ ഡോ. ആരിഫ് അബ്ദുൾ ഖാദർ ഉണ്ടായിരുന്നു. അദ്ദേഹം സഹായവുമായി മുന്നോട്ട് വന്നു. നഴ്സുമാർക്കൊപ്പം ചേർന്ന് ഡോക്ടർ, രോഗിയുടെ നില മെച്ചപ്പെടുത്തുകയും ഐ.വി. ഫ്ലൂയിഡുകൾ നൽകി വിമാനമിറങ്ങുന്നത് വരെ നിരീക്ഷിക്കുകയും ചെയ്തു.
“ഇതായിരുന്നു ഞങ്ങളുടെ ആദ്യ വിദേശ യാത്ര. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് സങ്കൽപ്പിക്കാൻ കഴിയുന്നതിലും മികച്ച വരവേൽപ്പ് ആയിരുന്നു,” അജീഷ് കൂട്ടിച്ചേർത്തു.
വിമാനം അബുദാബിയിൽ ലാൻഡ് ചെയ്തപ്പോൾ എയർപോർട്ട് മെഡിക്കൽ ടീം തയ്യാറായിരുന്നു. രോഗിയെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും നിലവിൽ അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്യുന്നു.
വയനാട് സ്വദേശി അഭിജിത്തും (26) ചെങ്ങന്നൂർ സ്വദേശി അജീഷും (29) യു.എ.ഇയിലെ പ്രമുഖ എമർജൻസി മെഡിക്കൽ സർവ്വീസ് ദാതാക്കളായ റെസ്പോൺസ് പ്ലസ് മെഡിക്കൽ (RPM) എന്ന സ്ഥാപനത്തിലെ പുതിയ ജീവനക്കാരായിരുന്നു. വിമാനത്തിൽ നടന്ന സംഭവം ആരോടും പറയാതെ ഇരുവരും പുതിയ ജോലിസ്ഥലത്തേക്ക് പോയി. എന്നാൽ, ഇതേ സ്ഥാപനത്തിലെ മറ്റൊരു സഹയാത്രികൻ ഈ ധീരകൃത്യം അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ പ്രൊഫഷണലിസവും സംയമനവും തിരിച്ചറിഞ്ഞ RPM മാനേജ്മെൻ്റ്, ഇരുവർക്കും പ്രശംസാ പത്രങ്ങൾ നൽകി ആദരിച്ചു.
“ആശുപത്രി പരിതസ്ഥിതിക്ക് പുറത്ത് ഒരു രോഗിയെ രക്ഷിച്ചതിലൂടെ അജീഷും അഭിജിത്തും RPM-ൻ്റെ യഥാർത്ഥ സ്പിരിറ്റ് ആണ് കാണിച്ചത്,” റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് സി.ഇ.ഒ ഡോ. റോഹിൽ രാഘവൻ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments (0)