Posted By user Posted On

ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനം മുതൽ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിസിസി (GCC) ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷാവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. ‘ജിസിസി ഗ്രാൻഡ് ടൂറ്സ്’ എന്ന പേരിലാണ് പുതിയ വിസ അവതരിപ്പിക്കുന്നത്. യൂറോപ്പിലെ ഷെൻഗൻ മാതൃകയിൽ കൊണ്ടുവരുന്ന വിസയിലൂടെ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾ ഒറ്റ വിസയിൽ സന്ദർശിക്കാൻ സാധിക്കും. 2023-ൽ ഒമാനിൽ ചേർന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിലാണ് ഇതിന് അംഗീകാരം ലഭിച്ചത്.

ഇതിനാൽ, ഖത്തറിലെ പ്രവാസികളും സ്വദേശികളും മറ്റുഗൾഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയിൽ സഞ്ചരിക്കാമെന്നതുപോലെ വിദേശ സന്ദർശകർക്കും ആറു രാജ്യങ്ങൾ ഒരുമിച്ച് കാണാനുള്ള അവസരം ലഭിക്കും. മേഖലയുടെ വിനോദസഞ്ചാരത്തിന് വലിയ ഉണർവ്വ് നൽകുമെന്നാണ് ട്രാവൽ മേഖലയിലെ പ്രതീക്ഷ. നിലവിൽ ജിസിസി രാജ്യങ്ങളുടെ പൗരന്മാർക്ക് വിസ ആവശ്യമില്ലാതെ രാജ്യങ്ങൾ തമ്മിൽ സഞ്ചരിക്കാമെങ്കിലും പ്രവാസികൾക്ക് പ്രത്യേകം വിസ വേണം. ഏകീകൃത ടൂറിസം വിസ വന്നാൽ യാത്രകൾ കൂടുതൽ എളുപ്പവും തടസ്സമില്ലാത്തതുമാകും. ഗൾഫ് രാജ്യങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള വലിയ ചുവടുവയ്പാണ് ഈ പദ്ധതി. നാലാം പാദത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന വിസ പിന്നീട് പൂർണമായും നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

വിമാനയാത്രയ്ക്കിടെ സ്ട്രോക്ക്; ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ സ്ട്രോക്ക് വന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ചികിത്സയിലായിരുന്ന മലയാളി മുരളീധരനെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) സംഘാടനത്തോടെയുമാണ് മടക്കം സാധ്യമായത്. അദ്ദേഹത്തോടൊപ്പം മരുമകനും ഉണ്ടായിരിന്നു.

സെപ്റ്റംബർ 24ന് യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വിമാനത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഖത്തർ എയർവേസിന്റെ മെഡിക്കൽ വിഭാഗം അടിയന്തരമായി മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 ദിവസത്തെ ചികിൽസയ്ക്കുശേഷമാണ് ഇന്നലെ വൈകുന്നേരം നാട്ടിലേക്ക് മടങ്ങിയത്.

നടപടികൾക്ക് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ എയർവേയ്‌സ്, ഇന്ത്യൻ എംബസി എന്നിവയുടെ ഏകോപനത്തോടെയാണ് സുരക്ഷിതമായ തിരിച്ചുപോക്ക് സാധ്യമായതെന്ന് എംബസി അറിയിച്ചു. സഹായം നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഖത്തറിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത; ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിൽ ഇനി യുപിഐ വഴി പണമടയ്ക്കാം

ഖത്തറിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനി യുപിഐ (Unified Payments Interface) സംവിധാനത്തിലൂടെ നേരിട്ട് പണമടയ്ക്കാം. ഖത്തർ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിലാണ് ഈ സൗകര്യം നിലവിൽ വന്നിരിക്കുന്നത്. എൻഐപിഎൽ (International Payments Limited)യും ഖത്തർ നാഷണൽ ബാങ്കും (QNB) തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് സംവിധാനം ആരംഭിച്ചത്. പോയിന്റ്-ഓഫ്-സെയിൽ ടെർമിനലുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ഇടപാടുകൾ നടത്താനാകും. ഖത്തറിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ ഇന്ത്യക്കാർ രണ്ടാമത്തെ വലിയ വിഭാഗമാണെന്നതിനാൽ പുതിയ സംവിധാനം വലിയ ഗുണം ചെയ്യും.

ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് യുപിഐ സംവിധാനം ഏറെ ഉപകാരപ്രദമാകുമെന്ന് ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫിസർ യൂസഫ് മഹ്മൂദ് അൽനിഅ്മ അഭിപ്രായപ്പെട്ടു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീയാണ് രാജ്യത്ത് യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന ആദ്യസ്ഥാപനമെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് റീട്ടെയിൽ & ഹോസ്പിറ്റാലിറ്റി ഓഫീസർ സാബിത് മുസ്‌ലിഹ് പറഞ്ഞു. ഇന്ത്യൻ യാത്രക്കാരുടെ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും പണരഹിതവുമായ രീതിയിൽ നടത്താനാകുന്ന സംവിധാനമാണിതെന്ന് എൻഐപിഎൽ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version