Posted By user Posted On

വൈദ്യുതി ക്ഷാമം; സിറിയക്ക് വെളിച്ചമേകാൻ ഖത്തറിന്റെ സഹായം

ദോഹ: സിറിയക്ക് വെളിച്ചം പകർന്നുകൊണ്ട് ഖത്തറിന്റെ സഹായം. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളടെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി) രണ്ടാം ഘട്ട പദ്ധതിയിലൂടെ 800 മെഗാവാട്ട് വൈദ്യുതി സിറിയയിൽ എത്തിക്കും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശങ്ങൾക്ക് അനുസൃതമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് സിറിയൻ ഊർജ മന്ത്രാലയവുമായി സഹകരിച്ചാണ് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

രണ്ടാം ഘട്ടം വൈദ്യുതിവിതരണത്തിന് ശനിയാഴ്ച തുടക്കമാകും. ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ, അലപ്പോ വൈദ്യുതി നിലയത്തിൽനിന്ന് അസർബൈജാനിലൂടെയും തുർക്കിയിലൂടെയും സിറിയയിലേക്ക് വൈദ്യുതി എത്തിക്കും. സിറിയയിലെ വിവിധ നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇത് ഉപകാരപ്പെടും. ഇതിലൂടെ സിറിയയിലെ അഞ്ചു മില്ല്യൺ പേർക്ക് പ്രയോജനം ലഭ്യമാകും. വാണിജ്യ മേഖലകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ ഊർജ സുസ്ഥിരത വർധിപ്പിക്കാനും ഇത് സഹായിക്കും.

ആദ്യഘട്ടത്തിൽ 400 മെഗാവാട്ട് വൈദ്യുതിയാണ് ഖത്തർ സിറിയയിൽ എത്തിച്ചത്. ഇതിലൂടെ വൈദ്യുതി ഗ്രിഡ് സ്ഥിരപ്പെടുത്തുന്നതിനും വ്യാവസായിക മേഖല അടക്കം പ്രധാന മേഖലകളിൽ പ്രവർത്തന സമയം 16 മണിക്കൂറിൽ നിന്ന് 24 മണിക്കൂറിലേക്ക് വർധിപ്പിക്കുന്നതിനും ഗുണകരമായി. വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ പ്രകൃതിവാതകം സൗഹൃദ രാജ്യമായ ജോർദാനിൽ എത്തിച്ച്, പൈപ്പു വഴിയാണ് സിറിയയിൽ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ ദമസ്കസ്, റിഫ് ദിമാഷ്ക്, അസ് സുവൈദ, ദാരാ, അൽ ഖുനൈത്ര, ഹോംസ്, ഹാമ, താർതസ്, ലതാക്കിയ, അലപ്പോ, ദൈർ എസ് സൂർ എന്നിവയുൾപ്പെടെ നിരവധി സിറിയൻ നഗരങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യാൻ സാധിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version