ഹൈസൺ ഹൈദർ ഹാജി അന്തരിച്ചു
ദോഹ: ഖത്തറിലെ ആദ്യകാല വ്യാപാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ഹൈസൺ ഹൈദർ ഹാജി ദോഹയിൽ അന്തരിച്ചു. 90 വയസ്സായിരുന്നു. തൃശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 1962ൽ കപ്പൽ വഴി ഖത്തറിൽ എത്തിയ അദ്ദേഹം ആദ്യകാല ഇന്ത്യൻ പ്രവാസികളിൽ ഒരാളാണ്. ഖത്തറിലെ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനാണ്.
കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോർസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്കൂളായ എം.ഇ.എസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. എം.ഇ.എസ് പ്രസിഡന്റായും പ്രവർത്തിച്ചു.
നാട്ടിലും വിദ്യാഭ്യാസ മേഖലയിൽ സജീവമായിരുന്നു. ദയാപുരം അൽ ഇസ്‌ലാം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ തുടക്കക്കാരിൽ ഒരാളും ചെയർമാനുമായിരുന്നു. ഐഡിയൽ എഡ്യൂക്കേഷൻ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനായും സേവനമനുഷ്ഠിച്ചു.
സാമൂഹ്യ സാംസ്കാരിക മേഖലകളിലും നിറ സാന്നിധ്യമായിരുന്നു ഹൈദർ ഹാജി. ഖത്തർ ഇൻകാസിന്റെ പ്രഥമ ഉപദേശക സമിതി അംഗവും ഇന്ത്യൻ എംബസി അപക്സ് സംഘനകളായ ഐ.സി.സി ഐ.സി.ബി.എഫ് എന്നിവയുടെ ആദ്യകാല സംഘാടകനുമാണ്. ഭാര്യ: പരേതയായ ജമീല. മക്കൾ: ഫൈസൽ, ജമാൽ, അൻവർ ആഷിഖ്, നസീമ (ഫാമിലി ഫുഡ് സെന്റർ). മരുമകൻ: അഷ്‌റഫ് (ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ്).
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)