‘നിയമ വഴികളെല്ലാം അടഞ്ഞു’; യമനിൽ മലയാളി നിമിഷപ്രിയയുടെ വധശിക്ഷ അടുത്തയാഴ്ച, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി
യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. യമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യമൻ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യമനിലെ അപ്പീൽകോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദിയാ ധനം നൽകി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. 10 ലക്ഷം ഡോളർ നൽകാമെന്നാണ് യമൻ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദിയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ല. എന്നിരുന്നാലും നാളെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കാണാനാണ് യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോണടക്കമുള്ളവരുടെ തീരുമാനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)