Posted By user Posted On

‘ടിക്കറ്റിനു കൊടുക്കുന്ന പൈസയുണ്ടെങ്കിൽ നാട്ടിൽ എസ്റ്റേറ്റ് വാങ്ങാം; പക്ഷേ എന്ത് വില കൊടുത്തും പ്രവാസികൾ സ്വന്തം വീട്ടിൽ പോകും’

സമയം റോക്കറ്റ് വേഗത്തിൽ പോകുന്നതു കാണണോ? അവധിക്കു നാട്ടിൽ പോയാൽ മതി. ഇത്രയും നാൾ ഇഴഞ്ഞു നീങ്ങിയ ഈ സമയമിതെന്താ ഇങ്ങനെ എന്നു തോന്നിപ്പോകും. പറഞ്ഞു വന്നത്, പ്രവാസ ലോകത്ത് ഇതാ വീണ്ടുമൊരു പെട്ടികെട്ടൽ കാലം. ഇത്തവണ കെട്ടിയ പെട്ടി അഴിക്കണോ എന്ന ചിന്തയിലാണ് പലരും. കാരണം, ടിക്കറ്റിനു കൊടുക്കുന്ന പൈസയുണ്ടെങ്കിൽ നാട്ടിൽ 5 സെന്റ് തെങ്ങും പറമ്പ് വാങ്ങാം. ആലോചിച്ചു നിന്നാൽ, തെങ്ങും പറമ്പ് മാറ്റി എസ്റ്റേറ്റ് തന്നെ വാങ്ങാം. അത്ര വേഗത്തിലാണ് ടിക്കറ്റ് നിരക്ക് കുതിക്കുന്നത്. ആ വിമാനത്തിനില്ലല്ലോ ഇത്ര വേഗമെന്നു ചിന്തിച്ചു പോകുകയാണ്. ഈ പ്രശ്നങ്ങളെല്ലാം മറികടന്നു നാട്ടിൽ പോകുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ചവർക്കുള്ള ചില യാത്രാ നിർദേശങ്ങളാണിവിടെ. ഇത്രയും നാൾ നിങ്ങൾ കാറിന്റെ ഇടതു വശത്തിരുന്നാണ് ഓടിച്ചിരുന്നതെങ്കിൽ നാളെ മുതൽ അതു വലതു വശത്തേക്കു മാറും. മാറ്റങ്ങളുടെ ആദ്യ ചുവടായി ഇതിനെ കാണണം.

വാഹനവുമായി റോഡിൽ ഇറങ്ങുന്ന നിങ്ങളാണ് നാട്ടിലെ രാജാവെന്ന് സ്വയം മനസ്സിൽ പറഞ്ഞ് ഉറപ്പിക്കണം. ആരുടെ മുന്നിലും വഴി മാറാനോ സഹാനുഭൂതി കാണിക്കാനോ ശ്രമിക്കരുത്. നിങ്ങളുടെ ആവശ്യം കഴിഞ്ഞിട്ടു മതി, ബാക്കിയുള്ളവരെന്ന് ആയിരം വട്ടം സ്വയം പറഞ്ഞു പഠിപ്പിക്കണം. സീബ്രാ ക്രോസിൽ ആരെങ്കിലും നിൽക്കുന്നതു കണ്ടാൽ, നിർത്താനോ വേഗം കുറയ്ക്കാനോ ശ്രമിക്കരുത്. കഴിയുന്നതും വേഗം കൂട്ടണം. ആരെങ്കിലും സീബ്രാ വരയിലൂടെ ക്രോസ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഹോണടിച്ചു പേടിപ്പിച്ച് അവരെ തിരികെ നിന്നിടത്ത് തന്നെ എത്തിക്കണം. കഴിയുന്നതും ഒറ്റക്കൈ കൊണ്ട് വളയം പിടിക്കണം. അങ്ങനെയാണ് പ്രോ ഡ്രൈവർമാർ. ദുബായിലെ ഓർമയ്ക്ക് ആർക്കെങ്കിലും റോഡ് ക്രോസ് ചെയ്യാൻ നിങ്ങൾ വണ്ടി നിർത്തിക്കൊടുത്തു എന്നിരിക്കട്ടേ, ക്രോസ് ചെയ്യാൻ നിന്നവർ പോലും നിങ്ങളെ പുച്ഛിക്കും. ഇവൻ എവിടെ കിടന്ന ഡ്രൈവറാടാ എന്ന് നോട്ടം കൊണ്ടു ചോദിച്ച് അവർ കൂടുതൽ പിന്നിലേക്കു മാറും. ഇതിനിടെ, ‘വഴിയിൽ വണ്ടി നിർത്തി നീ എന്തു കാണുവാടാ… മോനേ’ എന്ന് ചോദിച്ചു നമ്മുടെ പിന്നിലുള്ള വണ്ടികൾ നമ്മളെ കടന്നു പോയിട്ടുണ്ടാകും. അതുകൊണ്ട്, വെറുതെ സീബ്രാ ക്രോസിനു മുന്നിൽ പോയി നാണം കെട്ട് നമ്മുടെ മാനം കളയരുത്.

അടുത്തത് സുപ്രധാന കാര്യമാണ്. ട്രാഫിക് സിഗ്നലുകൾ. ചുവന്ന ലൈറ്റാണെങ്കിലും നമുക്ക് പോയിട്ട് അത്യാവശ്യമുണ്ടെങ്കിൽ വണ്ടി അങ്ങു വിട്ടേക്കണം. അഥവാ ട്രാഫിക് സിഗ്നലിൽ നിങ്ങൾ വണ്ടി നിർത്തേണ്ടി വന്നാൽ, ചുവപ്പു കഴിഞ്ഞു പച്ച കത്താനുള്ള സമയം നിങ്ങൾ മനസ്സിൽ ഗണിച്ചു കൂട്ടി മനസിലാക്കണം. ചുവപ്പിൽ നിന്നു പച്ചയിലേക്കു മാറുന്ന ആ നിമിഷത്തിന്റെ ഒരംശത്തിൽ വണ്ടി മുന്നോട്ടു കുതിക്കണം. അക്കാര്യത്തിൽ എന്തെങ്കിലും അമാന്തം നിങ്ങൾക്കുണ്ടായാൽ, പിന്നിലുള്ള വണ്ടിക്കാരൻ ഹോണിച്ചു നിങ്ങളുടെ സകല പൂർവികരുടെയും അനുസ്മരണ സമ്മേളനം ആ റോഡിൽ തന്നെ നടത്തും. ഏതെങ്കിലും റോ‍‍‍ഡ് വൺവേ ആണെന്നു കണ്ടാൽ നാലു പാടും ശ്രദ്ധിക്കണം, കാരണം, ഇത്തരം റോഡുകളിൽ നാലു ഭാഗത്തു നിന്നും വണ്ടി വരും.

മറ്റൊരു കാര്യം, നിങ്ങൾ ഏതു സ്പീഡിൽ പോകുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല, ഒരു കാരണവശാലും പിന്നിലുള്ള വണ്ടിക്കാരനെ കയറ്റി വിടരുത്. ഞാൻ പോയിട്ടു പോയാൽ മതി– അതായിരിക്കണം നമ്മുടെ നിലപാട്. ഇതു ലംഘിച്ച് ആരെങ്കിലും നമ്മെ മറികടന്നാൽ, പിന്നാലെ പോയി ഹോണടിച്ചും ലൈറ്റിട്ടു കാണിച്ചും പേടിപ്പിക്കണം. പറ്റുമെങ്കിൽ നല്ല നാലു തെറിയും പറഞ്ഞേക്കണം. അങ്ങനെ നമ്മളെ ഓവർടേക്ക് ചെയ്ത ഒരുത്തനും പോകേണ്ട. പിന്നിലുള്ളവൻ ഓവർടേക്ക് ചെയ്യാൻ അടുത്തുവരുമ്പോൾ നമ്മുടെ വണ്ടിയുടെ വേഗം കൂട്ടി അവനെ മാനസികമായി തളർത്താനും മറക്കരുത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version