യുഎഇയിൽ വീണ്ടും 50 ഡിഗ്രി കടന്ന് ചൂട്; ഉച്ചവിശ്രമം നാളെ മുതൽ
ദിവസങ്ങളുടെ ഇടവേളക്കുശേഷം രാജ്യത്താകമാനം വെള്ളിയാഴ്ച കനത്ത ചൂട് രേഖപ്പെടുത്തി. വെള്ളിയാഴ്ച അൽഐനിൽ 50.1 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഈ മാസം ഒമ്പതിനാണ് അവസാനമായി 50 ഡിഗ്രി കടന്ന് ചൂട് രേഖപ്പെടുത്തിയിരുന്നത്.അൽഐനിലെ തന്നെ സ്വയ്ഹാനിലാണ് അന്നും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ജൂൺ ആദ്യവാരത്തിൽ രാജ്യത്തിൻറെ പല ഭാഗങ്ങളിലും മഴ ലഭിക്കുകയും താപനില കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം റെക്കോഡുകൾ ഭേദിച്ച് യു.എ.ഇയിൽ ചൂട് രേഖപ്പെടുത്തുകയുണ്ടായി. 51.6 ഡിഗ്രിയാണ് സ്വയ്ഹാനിൽ മേയ് 24ന് ചൂട് അടയാളപ്പെടുത്തിയത്. ഇത് 2003ൽ താപനില രേഖപ്പെടുത്തുന്നത് ആരംഭിച്ചതിനുശേഷം മേയ് മാസത്തിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ ചൂടാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയും ചെയ്തു.
അതേസമയം കൊടുംചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഞായറാഴ്ചമുതൽ ഉച്ചവിശ്രമം ആരംഭിക്കും. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, എമിറൈറ്റേസേഷൻ മന്ത്രാലയം നേരത്തേ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മൂന്നു മാസക്കാലം ഉച്ചക്ക് 12:30 മുതൽ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ജോലികൾ പാടില്ല. ജൂൺ 15 മുതൽ സെപ്റ്റംബർ 15വരെയാണ് നിയമം നിലവിലുണ്ടാവുക. തുടർച്ചയായി 21ാം വർഷമാണ് രാജ്യത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)