Posted By user Posted On

പ്രവാസികളേ അവധിക്കാലം നാട്ടിൽ അടിച്ചുപൊളിച്ചോളൂ; പക്ഷേ, പാസ്പോർട്ട് ‘തൊട്ടാൽ’ ഇവ ശ്രദ്ധിക്കണേ, അല്ലെങ്കിൽ കിട്ടും ‘പണി’

ഗള്‍ഫ് നാടുകളില്‍ അവധിക്കാലം തുടങ്ങാന്‍ ഇനി ഒരു മാസം മാത്രം. യാത്രയ്ക്കുള്ള വിമാന ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുന്‍പേ ബുക്ക് ചെയ്തവരാണ് ഭൂരിഭാഗം പേരും. എങ്കിലും പാസ്‌പോര്‍ട്ടിന്റെ കാലാവധി ഒന്നു നോക്കാന്‍ മറക്കേണ്ട. കാലാവധി തീരാന്‍ ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളുവെങ്കില്‍ എത്രയും പെട്ടെന്ന് ഇന്ത്യന്‍ എംബസി മുഖേന പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കാം.

പാസ്‌പോര്‍ട്ട് പുതുക്കിയതു കൊണ്ടു മാത്രമായില്ല. ഗള്‍ഫിലെ റസിഡന്‍സി പെര്‍മിറ്റിലും (ഇഖാമ) പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യണം. ഇല്ലെങ്കില്‍ അവധി കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ ഐഡിയിലും കയ്യിലിരിക്കുന്ന പുതിയ പാസ്‌പോര്‍ട്ടിലും കാലാവധി തീയതികളിലെ മാറ്റം പ്രവേശനത്തിന് തന്നെ തടസ്സം സൃഷ്ടിക്കും.

പുതിയ പാസ്‌പോര്‍ട്ട് കിട്ടിയാലുടന്‍ റസിഡന്‍സി പെര്‍മിറ്റില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്താല്‍ ഒരാഴ്ചക്കുള്ളില്‍ പുതിയ ഐഡിയും ലഭിക്കും. പുതുക്കിയ പാസ്‌പോര്‍ട്ടും പുത്തന്‍ ഐഡിയുമായി സമാധാനമായി തന്നെ അവധിക്കാലം ആസ്വദിച്ച് മടങ്ങിയെത്താം.

ഖത്തര്‍ പ്രവാസികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന മൊബൈല്‍ ആപ് ആയ മെട്രാഷ് 2 മുഖേന ഇപ്പോള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്.

∙ പാസ്‌പോര്‍ട്ട് പുതുക്കല്‍ എങ്ങനെ?
വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റ് എടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലോ അല്ലെങ്കില്‍ ഔദ്യോഗിക കോണ്‍സുലര്‍ ഏജന്‍സികളിലോ വേണം സമര്‍പ്പിക്കാന്‍. അപേക്ഷ നല്‍കി പരമാവധി 7-10 ദിവസത്തിനുള്ളില്‍ പുതുക്കിയ പാസ്‌പോര്‍ട്ട് ലഭിക്കും.

∙ യുഎഇ
യുഎഇയില്‍ താമസിക്കുന്ന പ്രവാസികൾ ഔദ്യോഗിക ഏജന്‍സിയായ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് ലിമിറ്റഡ് മുഖേന വേണം പാസ്‌പോര്‍ട്ട് പുതുക്കാന്‍. എല്ലാ എമിറേറ്റുകളിലും ബിഎല്‍എസിന്റെ ഓഫിസുണ്ട്.
∙ ഖത്തർ
ഖത്തറില്‍ ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്തോ അല്ലെങ്കില്‍ എപ്പെക്‌സ് സംഘടനകളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം (ഐസിബിഎഫ്) എന്നിവിടങ്ങളിലോ അപേക്ഷ സമര്‍പ്പിക്കാം. 6 മാസത്തിനുള്ളില്‍ കാലാവധി അവസാനിക്കുന്നെങ്കില്‍ ഐസിബിഎഫില്‍ അപേക്ഷ സമര്‍പ്പിക്കാം. കാലാവധി അവസാനിക്കാന്‍ 6 മാസത്തില്‍ കൂടുതലെങ്കില്‍ എംബസിയില്‍ തന്നെ സമര്‍പ്പിക്കണം.

∙ സൗദി അറേബ്യ
സൗദിയിലെ ഇന്ത്യക്കാര്‍ എംബസിയുടെ ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവന ഏജന്‍സിയായ വിഎഫ്എസ് ഗ്ലോബല്‍ സെന്ററിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

∙ കുവൈത്ത്
കുവൈത്തില്‍ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് സെന്ററുകള്‍ മുഖേന വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

∙ ഒമാൻ
ഒമാനില്‍ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് സെന്ററുകളിൽ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നൽകാം.

∙ ബഹ്‌റൈന്‍
ബഹ്‌റൈനിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ നേരിട്ടോ അല്ലെങ്കില്‍ ഔദ്യോഗിക ഏജന്‍സിയായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആന്‍ഡ് വീസ ആപ്ലിക്കേഷന്‍ സെന്ററിലോ (ഐവിഎസ്) അപേക്ഷ സമര്‍പ്പിക്കാം. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനുള്ള സൗകര്യം എംബസിയില്‍ ലഭ്യമാണ്.

∙ ആവശ്യമായ രേഖകള്‍ എന്തെല്ലാം?
∙കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ (https://embassy.passportindia.gov.in/) പ്രവേശിച്ച് പാസ്‌പോര്‍ട്ട് സര്‍വീസ് വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ഐഡി എടുക്കണം. പാസ്‌പോര്‍ട്ട് പുതുക്കല്‍ വിഭാഗത്തിൽ പ്രവേശിച്ച് അപേക്ഷ കൃത്യമായി പൂരിപ്പിക്കണം. ഓര്‍ഡിനറി പാസ്‌പോര്‍ട്ട് എന്ന ഓപ്ഷനില്‍ വേണം ക്ലിക്ക് ചെയ്യാന്‍. അപേക്ഷയില്‍ ആവശ്യമായ വിവരങ്ങള്‍ കൃത്യമായി തെറ്റാതെ പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യണം. അതിനു ശേഷം പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുക്കണം.

∙2 കളര്‍ പാസ്‌പോർട്ട് സൈസ് ഫോട്ടോ വേണം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ പാടില്ല. വെളുപ്പ് ബാക്ക്ഗ്രൗണ്ടിലെടുത്ത 2×2 ഇഞ്ച് (51X51mm) സൈസിലുള്ളതായിരിക്കണം ഫോട്ടോ. കുറഞ്ഞത് മൂന്ന് മാസത്തിനകം എടുത്ത ഫോട്ടോ ആയിരിക്കണം.

∙പൂരിപ്പിച്ച അപേക്ഷയില്‍ ഫോട്ടോ പതിക്കണം. അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുമ്പോള്‍ ബന്ധപ്പെട്ട ഓഫിസറുടെ മുന്‍പാകെ വേണം ഫോട്ടോയില്‍ ഒപ്പിടാന്‍.

∙കൈവശമുള്ള പാസ്‌പോര്‍ട്ടിന്റെ ഒറിജിനലും പകര്‍പ്പും, റസിഡന്‍സി പെര്‍മിറ്റിന്റെ (ഇഖാമ)ഒറിജിനലും പകര്‍പ്പും വേണം.

∙18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ രക്ഷിതാക്കളുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഇഖാമയും ഹാജരാക്കണം.

∙പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം മേല്‍പറഞ്ഞ രേഖകളും സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാന്‍. നിശ്ചിത തുക ഫീസ് അടച്ചാല്‍ പരമാവധി 7-10 ദിവസത്തിനുള്ളില്‍ പുതുക്കിയ പാസ്‌പോര്‍ട്ട് ലഭിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version