Posted By user Posted On

സ്കൂള്‍ തുറന്നു; ഇനി രോഗങ്ങളുടെ കാലം, രക്ഷിതാക്കൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ!

കുട്ടികള്‍ വേനലവധി കഴിഞ്ഞ് മഴയത്ത് കുടയും ചൂടി സ്‌കൂളിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. എന്നാല്‍ മഴക്കാലമായിക്കഴിഞ്ഞാല്‍ പുറത്ത് ചാടുന്ന ചില രോഗങ്ങളും കുട്ടികള്‍ക്കു ഉണ്ടാകുമോയെന്ന ഭയം രക്ഷിതാക്കളില്‍ ഉണ്ടാകും. പനിയും ചുമയും ജലദോഷവുമെല്ലാം പുറത്ത് ചാടുന്ന സമയം കൂടിയാണ് ഈ സ്‌കൂളിലേക്കുള്ള തിരിച്ചുവരവിന്റെ കാലം. പോരാത്തതിന് ആശങ്കയേറ്റി കൊണ്ട് കോവിഡും. മക്കള്‍ സ്‌കൂളിലേക്ക് പോകും മുന്‍പ് തന്നെ ശിശുരോഗ വിദഗ്ധനെ കണ്ട് വാര്‍ഷിക ചെക്കപ്പും ആരോഗ്യപരിശോധനകളും നടത്തുന്നത് സ്‌കൂള്‍ തുടങ്ങുമ്പോള്‍ തന്നെയുള്ള രോഗപകര്‍ച്ചകള്‍ ഒരു പരിധി വരെ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഏതെങ്കിലും രോഗമുണ്ടെങ്കില്‍ നേരത്തെ തന്നെ കണ്ടെത്താനും അത് മറ്റ് കുട്ടികളിലേക്ക് പടരാതിരിക്കാനും ഈ പരിശോധന സഹായിക്കും. ഓരോ കാലഘട്ടത്തിലും നല്‍കേണ്ട പ്രതിരോധകുത്തിവയ്പ്പുകളെല്ലാം കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടോ എന്നതും ഈ പരിശോധനകളില്‍ ഉറപ്പ് വരുത്താം. കോവിഡ്, ഫ്‌ളൂ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നതും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കി നിര്‍ത്തും. വീട്ടിലും സ്‌കൂളിലും വൃത്തിയോടെ ഇരിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും നിര്‍ബന്ധമായും തൂവാല ഉപയോഗിക്കാനോ അല്ലെങ്കില്‍ കൈമുട്ട് കൊണ്ട് മുഖം മറയ്ക്കാനോ കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണ്. വാട്ടര്‍ ബോട്ടിലുകള്‍, ലിപ് ബാമുകള്‍, ഫേസ് മാസ്‌കുകള്‍, പാത്രങ്ങള്‍ എന്നിവ കഴിവതും പങ്കുവയ്ക്കാതിരിക്കാനും കുട്ടികളോട് നിര്‍ദ്ദേശിക്കാവുന്നതാണ്. കൈ കഴുകാതെ ഒരിക്കലും വായിലോ മുഖത്തോ തൊടരുതെന്നും കുട്ടികളോട് പറയണം.
കോവിഡ്, ഫ്‌ളൂ, പനി എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളുടെ ലക്ഷണങ്ങള്‍ മാറും വരെ അവരെ സ്‌കൂളുകളിലേക്ക് അയക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വീണ്ടും സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന കാര്യങ്ങളിലും മാതാപിതാക്കള്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളും ലീന്‍ പ്രോട്ടീനുമെല്ലാം നിറഞ്ഞ സന്തുലിത ഭക്ഷണക്രമം കുട്ടികളുടെ പ്രതിരോധശക്തി ശക്തിപ്പെടുത്തും. പുറത്തിറങ്ങിയുള്ള കളികള്‍, നടത്തം, സൈക്കിളോട്ടം, നീന്തല്‍ പോലുള്ള ശാരീരിക വ്യായാമങ്ങളിലൂടെ കുട്ടികളുടെ ശാരീരികക്ഷമതയും വര്‍ധിപ്പിക്കേണ്ടതാണ്. പല കുട്ടികളും മഴക്കാലം വരുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറന്ന് പോകാറുണ്ട്. ഇത് അവരില്‍ നിര്‍ജലീകരണവും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടാക്കാം. തിളപ്പിച്ചാറിച്ച ശുദ്ധമായ വെള്ളം ആവശ്യമായ അളവില്‍ കുട്ടികള്‍ കുടിക്കുന്നുണ്ടെന്നും മാതാപിതാക്കള്‍ ഉറപ്പാക്കേണ്ടതാണ്.

സ്‌കൂളിലേക്ക് മടങ്ങി പഠിത്തവും മറ്റുമായി കുട്ടികള്‍ തിരക്കിലാകുമ്പോള്‍ അവര്‍ കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതാണ്. എന്നും ഒരേ സമയത്ത് ഉറങ്ങാന്‍ അവരെ പരിശീലിപ്പിക്കുന്നത് നന്നായിരിക്കും. അവധിക്കാലം കഴിഞ്ഞ് വീണ്ടും പഠനത്തിരക്കിലേക്ക് മടങ്ങുന്നത് ചില കുട്ടികള്‍ക്കെങ്കിലും മാനസിക സമ്മര്‍ദ്ധം ഉണ്ടാക്കാറുണ്ട്. അവരോട് മനസ്സ് തുറഞ്ഞ് സംസാരിക്കാനും അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഓര്‍മ്മപ്പെടുത്തുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version