Posted By user Posted On

യുഎഇയില്‍ കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോയാല്‍ കടുത്ത ശിക്ഷ

യുഎഇയിൽ ചൂട് കൂടിയതോടെ വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. നിയമലംഘകർക്ക് തടവും 5,000 ദിർഹം പിഴയുമാണ് ശിക്ഷ. കഴിഞ്ഞ ദിവസം താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ സമയത്തെ ശരാശരി താപനില 45-48 ഡിഗ്രിയാണ്. അപൂർവം ചിലയിടങ്ങളിൽ ചില സമയത്ത് 50 ഡിഗ്രിക്കു മുകളിലും കടക്കുന്നു. ശനിയാഴ്ച അൽഐനിലെ സ്വീഹാനിൽ 51.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. മേയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ചൂടാണിത്. വെള്ളിയാഴ്ച ഷവാമെഖിൽ 50.4 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു. പൊരിവെയിലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തിയാല്‍ കടുത്ത ചൂടും വാഹനത്തിലെ ഓക്സിജൻ അളവ് കുറയുന്നതോടെ സൂര്യാഘാതം, നിർജലീകരണം എന്നിവയ്ക്കു കാരണമാകുകയും നിമിഷങ്ങൾക്കകം കുട്ടി മരിക്കുകയും ചെയ്തേക്കുമെന്നും പോലീസ് അറിയിച്ചു. കുട്ടികൾ അബദ്ധവശാൽ സ്വയം ലോക്ക് ചെയ്യുകയോ ഗിയറിൽ കേടുപാടുകൾ വരുത്തുകയോ ചെയ്തേക്കാം. ഇതു കൂടുതൽ അപകടത്തിനു കാരണമാകും. വെയിലത്തു നിർത്തിയിട്ട കാറിനകത്തെ ഊഷ്മാവ് പുറത്തുള്ളതിനെക്കാൾ 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഈ സമയത്ത് ഒരു മിനിറ്റ് കുട്ടി വാഹനത്തിൽ അകപ്പെട്ടാൽ പോലും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. മുതിർന്നവരുടെ അശ്രദ്ധമൂലം ഒരു കുട്ടിയുടെ ജീവൻ അപകടത്തിലാകുന്നതു യുഎഇയിൽ ക്രിമിനൽ കുറ്റമാണ്. മാതാപിതാക്കൾക്കോ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന മുതിർന്നവർക്കോ തടവും പിഴയും ശിക്ഷ നേരിടേണ്ടിവരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version