സന്തോഷവാർത്ത, പ്രവാസികളെ കാത്തിരിക്കുന്നത് വൻ തൊഴിലവസരം; ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ യുഎഇയുടെ ദേശീയ വിമാനക്കമ്പനി
യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ഓഹരി വിപണിയിൽ (ഐപിഒ) കടക്കാനുള്ള ശ്രമങ്ങൾ ആരംഭഘട്ടത്തിൽ. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് യുഎഇയിലെ തൊഴിൽ സാഹചര്യങ്ങളിൽ മാറ്റം വരുത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ ഇത്തിഹാദിൽ ഏകദേശം 10,000ലേറെ ജീവനക്കാരുണ്ട്. 2029ഓടെ ഇത് 20,000 മുതൽ 25,000 വരെയാകുമെന്ന് കരുതുന്നു.
പൈലറ്റ്, എയർ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എൻജിനീയറിങ്, ഐടി, കസ്റ്റമർ സർവീസ് തുടങ്ങിയ വിഭാഗങ്ങളിൽ കൂടുതൽ നിയമനങ്ങൾ പ്രതീക്ഷിക്കാം. ആഗോള തലത്തിലും ഇത്തിഹാദ് സർവീസുകൾ വിപുലീകരിക്കുന്നതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നും വിദഗ്ധരെയും പ്രാവീണ്യമുള്ളവരെയും ആകർഷിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
തൊഴിൽമേഖലയിൽ അവസരങ്ങൾ തേടുന്ന വിദേശികൾക്കും ഈ നീക്കം വലിയ ആശ്വാസമായി മാറുന്നു. പ്രത്യേകിച്ച്, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലദേശ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന യോഗ്യതകളുള്ളവർക്ക് നിയമന സാധ്യത വർധിക്കുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
∙ സ്വദേശിവത്കരണ ലക്ഷ്യങ്ങൾക്കും സഹായകരം
യുഎഇ സർക്കാരിന്റെ ‘സ്വദേശിവത്കരണ’നയത്തിന്റെ ഭാഗമായും പൗരന്മാർക്കുള്ള തൊഴിൽ അവസരങ്ങൾ ഈ വികസനത്തിലൂടെ സൃഷ്ടിക്കപ്പെടും. വ്യവസായ പരിശീലന പദ്ധതികൾ, യുവാക്കളെ ലക്ഷ്യമിട്ട നിയമനങ്ങൾ തുടങ്ങിയവയിലൂടെ ദേശീയ തലത്തിലുള്ള മാനവവിഭവശേഷി വികസിപ്പിക്കാൻ കമ്പനിയും സർക്കാർ ഏജൻസികളും ചേർന്ന് പ്രവർത്തിക്കുന്നു.
∙ സാമ്പത്തിക വളർച്ചയും വിപണിയിലേക്കുള്ള പ്രവേശനവും
ഇത്തിഹാദിന്റെ ഐപിഒ നീക്കം കമ്പനിയുടെയും യുഎഇയുടെയും സാമ്പത്തിക വളർച്ചയ്ക്കും ഗുണകരമാണ്. ഇത്തരം നീക്കങ്ങൾ രാജ്യത്തെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രചോദനമാകും. ശേഖരിക്കപ്പെടുന്ന മൂലധനം ഉപയോഗിച്ച് എയർഫ്ലീറ്റ് വികസിപ്പിക്കൽ, ഡിജിറ്റൽ സേവന വിപുലീകരണം, സർവീസ് നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് കമ്പനി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)