‘ഇങ്ങനെയൊരു ഓഫർ വരുമ്പോൾ വേണ്ടെന്നു വയ്ക്കാൻ ഞാനൊരു മണ്ടനല്ല’: ആദ്യം കണ്ടതേ, ട്രംപിന് പിടിച്ചു, ഖത്തറിന്റെ ആഡംബര വിമാനം അങ്ങെടുത്തു
വാഷിങ്ടൻ ∙ ബോയിങ് 747 ആഡംബര വിമാനം സമ്മാനമായി തരാമെന്ന് ഖത്തറിൽനിന്ന് ഓഫർ വരുമ്പോൾ വേണ്ടെന്നു വയ്ക്കാൻ താനൊരു മണ്ടനല്ലെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വേണ്ടി പെന്റഗൺ അത് ഏറ്റുവാങ്ങി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ദിവസം ഔദ്യോഗികമായി കൈപ്പറ്റിയ വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക ആവശ്യത്തിനുള്ള എയർ ഫോഴ്സ് വൺ ആക്കുന്ന കാര്യം എയർ ഫോഴ്സും ഏറ്റെടുത്തു.
വിദേശത്തുനിന്ന് ഇത്ര വിലകൂടിയ സമ്മാനം സ്വീകരിക്കുന്നതു കൈക്കൂലിക്കു സമാനമാണെന്ന ആരോപണവുമായി ഡെമോക്രാറ്റിക് പാർട്ടി വന്നതോടെ യുഎസിൽ ഇതു പുതിയ വിവാദമായി. പ്രസിഡന്റിന് ഉപയോഗിക്കാൻ ഇപ്പോഴുള്ള 2 എയർ ഫോഴ്സ് വൺ വിമാനങ്ങൾക്ക് 35 കൊല്ലത്തെ പഴക്കമുണ്ട്. ഖത്തർ സമ്മാനമായി നൽകിയ ബോയിങ്ങിന് 13 കൊല്ലത്തെ പഴക്കമേയുള്ളൂ. പക്ഷേ, ഇതിനെ എയർ ഫോഴ്സ് വൺ ആയി പുതുക്കിയെടുക്കാൻ 100 കോടി ഡോളറെങ്കിലും വേണ്ടിവരും.
പുതിയൊരു ബോയിങ് 747 വിമാനത്തിന് ഏകദേശം 40 കോടി ഡോളറാണ് (3396 കോടി രൂപ) വില. പുത്തൻ വിമാനം ലഭിക്കാനുള്ള കാലതാമസം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഖത്തറിന്റെ സമ്മാനം സ്വീകരിച്ചത്.
∙ റാമഫോസയുടെ ഒളിയമ്പ്
കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റാമഫോസ ആഡംബര വിമാനത്തിന്റെ കാര്യം പരോക്ഷമായി സൂചിപ്പിച്ച് പരിഹസിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കൃഷിക്കാർക്കു നേരെ വംശഹത്യയ്ക്കു സമാനമായ അക്രമ സംഭവങ്ങളാണ് നടക്കുന്നതെന്ന ആരോപണവുമായി ട്രംപും അതു നിഷേധിച്ച് റാമഫോസയും വാക്കേറ്റത്തിന്റെ വക്കിലെത്തിയപ്പോൾ, ‘താങ്കൾക്ക് തരാൻ എന്റെ കയ്യിൽ വിമാനമൊന്നുമില്ലെന്ന്’ പറഞ്ഞാണ് ദക്ഷിണാഫ്രിക്ക പ്രസിഡന്റ് ഒളിയമ്പെയ്തത്.
”ഫ്ലോറിഡയിലെ വിമാനത്താവളത്തിൽ ഫെബ്രുവരിയിലാണ് ട്രംപ് ആദ്യമായി ഈ വിമാനം കണ്ടത്. ഔദ്യോഗിക വിമാനമാക്കാനായി ഇതു കിട്ടിയാൽ കൊള്ളാമെന്ന് യുഎസ് ഭരണകൂടം ഖത്തറിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. എങ്കിൽ സമ്മാനമായി ഇരിക്കട്ടെ എന്ന് ഖത്തർ പറഞ്ഞു. വിമാനമിപ്പോൾ ടെക്സസിലെ സാൻ അന്റോണിയോയിലാണുള്ളത്.”
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)