785 കോടി റിയാൽ റെക്കോഡ് ലാഭത്തിൽ പറന്ന് ഖത്തർ എയർവേസ്
ദോഹ: ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം കൊയ്ത് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസിന്റെ കുതിപ്പ്. 2024 -2025 സാമ്പത്തിക വർഷത്തിൽ 785 കോടി റിയാൽ ലാഭം സ്വന്തമാക്കിയതായി ഖത്തർ എയർവേസിന്റെ സാമ്പത്തിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ലാഭക്കൊയ്ത്താണ് ഇതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തേക്കാൾ 170 കോടിയാണ് ലാഭത്തിലെ വർധന. 28 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി.
ഖത്തർ എയർവേസ് ഗ്രൂപ്പിനു കീഴിലെ യാത്രാ വിമാനം മുതൽ കാർഗോ, കാറ്ററിങ്, ഡ്യൂട്ടി ഫ്രീ തുടങ്ങിയ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെയാണ് സാമ്പത്തിക റിപ്പോർട്ട് പുറത്തുവിട്ടത്. വാർഷിക വരുമാനത്തിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തി. കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും മികച്ച സാമ്പത്തിക നേട്ടമാണ് 2024-25 വർഷങ്ങളിലേതെന്ന് അധികൃതർ അറിയിച്ചു. വിമാന കമ്പനിയുടെ സേവന മേഖലയിലെ വൈവിധ്യവത്കരത്തിന്റെയും ഡിജിറ്റലൈസേഷൻ ഉൾപ്പെടെ സേവന മികവിന്റെയും തുടർച്ചയായാണ് ലാഭക്കണക്കിലെ കുതിപ്പിനെ വിലയിരുത്തുന്നത്. സ്കൈട്രാക്സ് ഉൾപ്പെടെ ലോകത്തെ മികച്ച എയർലൈൻസ് പട്ടികയിൽ ഒന്നാമതെത്തിയ ഖത്തർ എയർവേസിന്റെ കുതിപ്പിന് ഊർജം പകരുന്നതാണ് സാമ്പത്തിക റിപ്പോർട്ടിലെയും മികവ്.
അടിമുടി അതിവേഗത്തിൽ മാറുന്ന ഖത്തർ എയർവേസ് 2.0 തന്ത്രങ്ങളുടെ തുടർച്ചയാണ് ഈ നേട്ടമെന്ന് ഗ്രൂപ് സി.ഇ.ഒ ബദ്ർ മുഹമ്മദ് അൽ മീർ പറഞ്ഞു.ജീവനക്കാർ ഉൾപ്പെടെ കരുത്തരായ സംഘത്തിന്റെ കഠിനാധ്വാനത്തിന്റെയും മികവിന്റെയും സമർപ്പണത്തിന്റെ സാക്ഷ്യമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്യുന്ന 55,000ത്തോളം വരുന്ന ജീവനക്കാരുടെ സമർപ്പണത്തെയും അദ്ദേഹം അഭിനന്ദിച്ചു.
രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക സാഹചര്യങ്ങളെയെല്ലാം ഉൾക്കൊണ്ട് ചടുലമായി തുടരുകയും, വ്യവസായിക മേഖലയിൽ തന്ത്രപരമായ പങ്കാളിത്തം സജീവമാക്കിയതും ഖത്തർ എയർവേസിന്റെ കുതിപ്പിന് അടിത്തറയൊരുക്കിയതായി ബദ്ർ മുഹമ്മദ് അൽ മീർ വിശദീകരിച്ചു.
അന്താരാഷ്ട്രതലത്തിൽ അവാർഡുകൾ നേടിയ ക്യൂ സ്യൂട്ട്, ഫൈൻ ഡൈനിങ്, യാത്രക്കാർക്ക് 35,000 അടി ഉയരത്തിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് കണക്ടിവിറ്റി തുടങ്ങിയവയെല്ലാം എയർലൈൻ മേഖലയിൽ ഖത്തർ എയർവേസിന് സ്വീകാര്യത വർധിപ്പിച്ചു.
ബോയിങ് 777 ഫ്ലീറ്റിൽ സ്റ്റാർലിങ്ക് സൂപ്പർ -ഫാസ്റ്റ് വൈഫൈ സ്ഥാപിച്ചതും വിർജിൻ ആസ്ട്രേലിയയിൽ 25 ശതമാനം ഓഹരിയും ദക്ഷിണാഫ്രിക്കൻ പ്രീമിയർ എയർലൈൻ കമ്പനിയിലെ പങ്കാളിത്തവുമെല്ലാം കഴിഞ്ഞ സാമ്പത്തിക വർഷത്തിലായിരുന്നു.
ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ കാബിൻ ക്രൂ ആയ സമയെ അവതരിപ്പിച്ചതും ഖത്തർ എയർവേസിന്റെ ആധുനിക ലോകത്തേക്കുള്ള മാറ്റങ്ങളിൽ ഒന്നായി. ഹമദ് വിമാനത്താവളത്തിലെ ടെർമിനൽ വികസനത്തോടെ പ്രതിവർഷ യാത്രക്കാരുടെ ശേഷി 65 ലക്ഷമായി വർധിപ്പിച്ചതും വിമാന സേവനത്തിന് ഗുണകരമാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)