യുഎഇയിൽ തിമിര ശസ്ത്രക്രിയയിൽ പിഴവ്; വൻ തുക നഷ്ടപരിഹാരം വിധിച്ച് കോടതി
തിമിര ശസ്ത്രക്രിയയിൽ പിഴവു വരുത്തിയതിനെ തുടർന്ന് ഡോക്ടറും ആരോഗ്യകേന്ദ്രവും ചേർന്ന് രോഗിക്ക് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. അംഗീകൃത ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒഫ്താൽമോളജിസ്റ്റ് പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി രോഗിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്.നാലു ലക്ഷം ദിർഹം നഷ്ടപരിഹാരമാവശ്യപ്പെട്ടായിരുന്നു ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ചികിത്സാപ്പിഴവിലൂടെ തനിക്കു സ്ഥിരവൈകല്യം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മെഡിക്കൽ കമ്മിറ്റിയെ നിയോഗിക്കണമെന്നും ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുകയുണ്ടായി. ഇരു കണ്ണുകൾക്കും തിമിരം ബാധിച്ചതിനെ തുടർന്നാണ് ഹരജിക്കാരൻ ചികിത്സ തേടി ആശുപത്രിയിലെത്തിയത്.തുടർന്ന് തിമിരം നീക്കി ലെൻസ് ഘടിപ്പിക്കാമെന്ന് ഡോക്ടർ അറിയിച്ചു. എന്നാൽ, വലതുകണ്ണിലെ ശസ്ത്രക്രിയക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിക്കുകയും രോഗിയുടെ കാഴ്ചക്ക് ഗുരുതര പ്രശ്നങ്ങളുണ്ടാവുകയുമായിരുന്നു. ഹരജിക്കാരൻ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് അടക്കം പരിശോധിച്ചാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. ഇതിനുപുറമെ ഡോക്ടറും ആരോഗ്യകേന്ദ്രവും ചേർന്ന് ഹരജിക്കാരന്റെ കോടതിച്ചെലവും നിയമവ്യവഹാരച്ചെലവും അഭിഭാഷകന്റെ ഫീസും നൽകണമെന്നും കോടതി വിധിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)